ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അതികായനായ നേതാവ് എന്നതിനപ്പുറം രാഷ്ട്രീയ അതിര്‍ത്തികളെ തന്റെ നയചാതുര്യം കൊണ്ട് മറികടന്ന മഹാ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു, വിടപറഞ്ഞ പ്രണബ് മുഖര്‍ജി. നരേന്ദ്ര മോദിയും അമിത്ഷായും മമതാ ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും അരവിന്ദ് കെജ്രിവാളും ജ്യോതിബസുവും ബുദ്ധദേബ് ഭട്ടാചാര്യയും ഉള്‍പ്പടെ എല്ലാ വിരുദ്ധദ്രുവ രാഷ്ട്രീയ നേതാക്കള്‍ക്കും അദ്ദേഹം ബഹുമാനിതനായിരുന്നു. പ്രണാബ് ദാ എന്നാണ് ഈ നേതാക്കളെല്ലാം തന്നെ അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്.
പ്രണാബ് ദാ, ‘അങ്ങെനിക്ക് പിതാവിനെപ്പോലെയാണ്. എന്റെ മാര്‍ഗദര്‍ശി. എന്റെ ലക്ഷ്യം ബൃഹത്തും കഠിനവുമായിരുന്നു. വിഷമകരമായ ആ കാലയളവില്‍ അങ്ങ് എനിക്കു പിതാവും മാര്‍ഗദര്‍ശിയുമായിരുന്നു. അങ്ങയുടെ അറിവും അനുഭവവും സൗഹൃദവും എനിക്കു നല്‍കിയ ആത്മവിശ്വാസവും കരുത്തും വളരെ വലുതാണ്.’ പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞപ്പോള്‍ നരേന്ദ്ര മോദി അദ്ദേഹത്തിന് എഴുതിയ കത്തിലെ വാക്കുകളാണിത്. ഈ വരികള്‍ പറയുന്നുണ്ട്; രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹം നില നിറുത്തിയ ബന്ധങ്ങളുടെ ആഴവും ശക്തിയും. രാഷ്ട്രീയമായും ആശയപരമായും പ്രവര്‍ത്തന രീതിയിലും വിരുദ്ധ ചേരികളില്‍ നില്‍ക്കുമ്പോഴും കാത്തു സൂക്ഷിക്കുന്ന ഈ സവിശേഷതയെ ‘മഹത്തായ’ മനുഷ്യക മൂല്യം എന്ന് തന്നെ വിശേഷിപ്പിക്കണം.
പലപ്പോഴും അത്ഭുതത്തോടെ നോക്കിപ്പോകുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയാതീത ബന്ധങ്ങളും അതിന്റെ ആഴവും. ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന നേതാവായിരുന്നു പ്രണാബ് ദാ. അത് സംഭവിച്ചില്ലങ്കിലും ഇന്ത്യയുടെ പരമോന്നത പദവിയായ രാഷ്ട്രത്തലവനും പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാ വിഭാഗങ്ങളുടെ പരമോന്നത മേധാവിയുമായ രാഷ്ട്രപതി പദവി (25 ജൂലൈ 2012 – 25 ജൂലൈ 2017) വരെ എത്തിച്ചേര്‍ന്ന ശേഷമാണ് അദ്ദേഹം വിട വാങ്ങിയത്. സംഭവബഹുലമായ ജീവിത യാത്രയുടെ അവസാന നാളുകളില്‍ രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്നയും അദ്ദേഹത്തെ തേടിയെത്തി; ഇത് 2019 ലായിരുന്നു.
രാജ്യത്തിന് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന നേതാവുമാണ് നഷ്ടമാകുന്നതെങ്കില്‍ കോണ്‍ഗ്രസ്സിന് ഇല്ലാതാകുന്നത് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നേതാവിനെയാണ്. ഇത്രയും ചരിത്ര പാശ്ചാത്തലം അവകാശപ്പെടാന്‍ കഴിയുന്ന ഒരു നേതാവും ഇനി ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനില്ല. എഴുപതുകളുടെ തുടക്കം മുതല്‍ ഒന്നര ദശാബ്ദക്കാലം ഇന്ദിരാ ഗാന്ധിയുടെ വലംകൈയ്യായിരുന്ന പ്രണബ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അന്തര്‍ദേശീയ തലത്തിലെ നയതന്ത്ര മുഖം കൂടിയായിരുന്നു. കോണ്‍ഗ്രസിനോട് പിണങ്ങിയ 1986 മുതല്‍ 1989 വരെയുള്ള മൂന്ന് വര്‍ഷം മാറ്റി നിറുത്തിയാല്‍ ഒരു രാഷ്ട്രീയ കോളിളക്കങ്ങളും അദ്ദേഹത്തെ നേരിട്ട് ബാധിച്ചതായി കണ്ടിട്ടില്ല. തെളിവുകളുള്ള ഒരു അഴിമതിക്ക് പോലും അദ്ദേഹം ഇടനല്‍കിയിട്ടില്ല. ഒരായുസ്സ് മുഴുവന്‍ സംശുദ്ധരാഷ്ട്രീയവും മതേതരത്വവും ജനാധിപത്യവും മുറുകെ പിടിച്ച, അവസാന ശ്വാസം വരെ അത് കാത്ത് സൂക്ഷിച്ച വ്യക്തിത്വം കൂടിയാണ് പ്രണാബ് ദാ.
അവിഭക്ത ഇന്ത്യയിലെ ബംഗാളിലാണ് പ്രണബിന്റെ ജനനം.1935 ഡിസംബര്‍ 11 -ന്, സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മി മുഖര്‍ജിയുടെയും മകനായി ജനിച്ച പ്രണബ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി. വിദ്യാഭ്യാസ ശേഷം തപാല്‍ വകുപ്പില്‍ ഗുമസ്തനായും അധ്യാപകനായും പത്ര ലേഖകനായുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1969 -ല്‍, പ്രണബ് മുഖര്‍ജിയുടെ 35-ആം വയസ്സിലാണ് ജീവിതം മാറ്റി മറിച്ച സംഭവങ്ങളുടെ തുടക്കം.
ചരിത്ര പുരുഷനും മലയാളിയും മലബാറുകാരനുമായ വികെ കൃഷ്ണമേനോന്‍ വെസ്റ്റ് ബംഗാളിലെ മിഡ് നാപൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന കാലം. അന്ന് അവിടെ വികെയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായിക്കാന്‍ ചെന്ന അനേകം യുവാക്കളില്‍ ഒരാളായിരുന്നു പ്രണബ്. വളരെ വേഗത്തില്‍ തന്നെ വികെയുടെ മനസ്സില്‍ പ്രണബ് ഇടം നേടുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഏല്‍പ്പിക്കപ്പെടുകയും ചെയ്തു. വികെയുടെ തെരഞ്ഞെടുപ്പ് തന്ത്രവും വിജയവും അതിനുണ്ടായ നേതൃപാടവം വളരെ വേഗത്തില്‍ രാഷ്ട്രീയ അകത്തളങ്ങളില്‍ ചര്‍ച്ചയാവുകയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ശ്രദ്ധയിലെത്തുകയും ചെയ്തു.
പ്രണബ് മുഖര്‍ജി രാഹുല്‍ ഗാന്ധിക്ക് ഒപ്പം
പിന്നീട് ഇന്ദിരാ ഗാന്ധി നേരിട്ട് തന്നെ പ്രണബിനെ ക്ഷണിക്കുയും കൂടെ നിറുത്തുകയുമാണ് ഉണ്ടായത്. ആ വര്‍ഷം അഥവാ 1969 ല്‍ തന്നെ അദ്ദേഹം രാജ്യ സഭാംഗവുമായി. 73 ലെ ഇന്ദിര ഭരണത്തില്‍ വ്യാവസായിക വകുപ്പ് ചുമതലയും 1982 ലെ ഇന്ദിര ഭരണത്തില്‍ ധനകാര്യമന്ത്രിയുമായി. 1969 മുതല്‍ അഞ്ച് തവണയാണ് രാജ്യസഭയിലൂടെ ഭരണ നേതൃത്വത്തില്‍ എത്തിയത്. 2004 മുതല്‍ രണ്ട് തവണ ലോക്സഭയിലും അംഗമായി. വളരെ വേഗത്തില്‍; മികച്ച പ്രാസംഗികന്‍, പണ്ഡിതന്‍, രാഷ്ട്രീയതന്ത്രജ്ഞന്‍ എന്നിങ്ങനെ പല രീതിയിലേക്ക് പ്രണബ് വളര്‍ന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ദേശീയ ഉന്നതാധികാര സമിതിയില്‍ നെഹ്‌റു കുടുംബം കഴിഞ്ഞാല്‍ ഏറ്റവും വലിയ ശക്തിയായി തന്നെ പ്രണബ് പടര്‍ന്നു കയറി.
31 ഒക്ടോബര്‍ 1984-ല്‍ ഇന്ദിരാ ഗാന്ധിയുടെ മരണം വരെ പാര്‍ട്ടിയുടെ നയതന്ത്ര മുഖവും ദേശീയ നേതാവും രാജ്യ ഭരണ നിര്‍വ്വഹണത്തിലെ പ്രധാനിയുമായി തുടര്‍ന്നു. പിന്നീട് വന്ന രാജീവ് ഗാന്ധിയുടെ കാലഘട്ടത്തില്‍ പ്രണബ് മുഖര്‍ജിയെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്നും, ഭരണകൂടത്തില്‍ നിന്നും പൂര്‍ണ്ണമായും തഴഞ്ഞു. അവഹേളനത്തില്‍ മനം നൊന്ത്, രണ്ട് വര്‍ഷത്തോളം പിടിച്ചു നിന്ന അദ്ദേഹം 1986-ല്‍ രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ്സ് എന്നൊരു പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഇത് കോണ്‍ഗ്രസ്സിന് ദേശീയ തലത്തില്‍ വലിയ ക്ഷീണം സൃഷ്ട്ടിക്കുകയും രാജീവ് ഗാന്ധി ഇദ്ദേഹവുമായി ഒത്തു തീര്‍പ്പിലെത്തുകയും ചെയ്തു. 1989 ലായിരുന്നു ഈ ഒത്തു തീര്‍പ്പ്. രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനം ആ വര്‍ഷം തന്നെ കോണ്‍ഗ്രസ്സില്‍ ലയിച്ചു. നിര്‍ഭാഗ്യവശാല്‍, രാജീവിനും പ്രണബിനും പിന്നീട് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അധികകാലം സാധിച്ചില്ല. 1991 മെയ് 21-ന് രാജീവ് കൊല്ലപ്പെട്ടു.
ശേഷം, പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷനായി നിയമിച്ചു. 1995 ല്‍ ധനകാര്യ മന്ത്രിയുമായി. 2004-ല്‍ പ്രധാനമന്ത്രിയാകുമെന്ന് മാദ്ധ്യമ ലോകവും പൊതു സമൂഹവും കരുതിയെങ്കിലും മന്മോഹന്‍ സിംഗിന് കീഴില്‍ പ്രതിരോധമന്ത്രി സ്ഥാനമാണ് ലഭിച്ചത്. രണ്ടാം മന്മോഹന്‍ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായ അദ്ദേഹം 2012 ല്‍ രാജിവെച്ച് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. പ്രസിഡണ്ടായ ശേഷം രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിരമിക്കുകയും ചെയ്തു.
പ്രണബ് ആര്‍.എസ്.എസ് ആസ്ഥാനത്ത്; വേദിയില്‍ മോഹന്‍ ഭഗവത്
സമീപ കാലത്ത് അദ്ദേഹം നടത്തിയ ഇടപെടലുകളില്‍ ഒന്ന് മാത്രമാണ് വന്‍വിവാദത്തിന് വഴി വെച്ചത്; അത് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പോയതായിരുന്നു. അവിടെ പോകുക മാത്രമല്ല അദ്ദേഹം ചെയ്തത്. 2018 ജൂണ്‍ 7ന് നടന്ന പ്രസ്തുത പരിപാടിയില്‍ ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ പ്രതിമയക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കുകയും ചെയ്തു. വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ ഇത് സൃഷ്ട്ടിച്ചെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. ഇന്ത്യന്‍ ദേശീയതയുടെ പവിത്രമായ ആശയങ്ങളും ആദര്‍ശങ്ങളും വിവരിച്ചുകൊണ്ട് അദ്ദേഹം അവിടെ നടത്തിയ പ്രസംഗം ശ്രദ്ധ പിടിച്ചു പറ്റി.
…’മതനിരപേക്ഷത നമുക്കു മതമാണ്. സാര്‍വലൗകികത, സ്വാംശീകരണം, സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ ദേശീയത രൂപപ്പെട്ടത്. സഹിഷ്ണുതയില്‍ നിന്നാണു നാം കരുത്താര്‍ജിക്കുന്നത്. ബഹുസ്വരതയെ നാം ബഹുമാനിക്കുന്നു. നാനാത്വത്തെ ആഘോഷിക്കുന്നു…..’ തുടങ്ങിയ മഹത്തായ വരികള്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് കൊണ്ട് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സ് പ്രത്യയശാസ്ത്രത്തിനെ താന്‍ എന്ത് കൊണ്ട് മാനിക്കുന്നുവെന്നും അതെന്ത് കൊണ്ട് എക്കാലവും പ്രസക്തമാകുന്നുവെന്നും ഞാന്‍ എന്ത് കൊണ്ട് ആര്‍.എസ്.എസ് ആകുന്നില്ല എന്നും എന്താണ് ആര്‍.എസ്.എസ് മുന്നോട്ടു വെക്കുന്ന ആശയത്തിലെ പ്രശ്നങ്ങളെന്നും പരോക്ഷമായി അവരോടും ജനതയോടും പറഞ്ഞ പ്രസ്തുത പ്രസംഗം പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
പശ്ചിമബംഗാളിൽ നിന്നാണ് രണ്ട് തവണ ലോക്‌സഭയിൽ എത്തിയത്. അതൊരു വെല്ലുവിളി നിറഞ്ഞ വിജയവുമായിരുന്നു. 1977ന് ശേഷം കോൺഗ്രസ്സ് ജയിക്കാത്ത ജങ്കിപൂർ മണ്ഡലത്തിൽ നിന്നും ലോക് സഭയിലെത്തിയാണ് 2004ൽ ആദ്യ വിജയം രചിച്ചത്. 2009ലും ഇതേ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് പ്രണബ് ജയിച്ചു. 2012ൽ രാഷ്ട്രപതിയായപ്പോൾ ഈ സീറ്റിൽ നിന്ന്, ആവർഷം മുതൽ രണ്ട് തവണയും മകൻ അഭിജിത് മുഖർജി ജയിച്ചു കയറി.
അഭിജിത് മുഖര്‍ജിയെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട് പ്രണബ് മുഖര്‍ജിക്ക്; പ്രശസ്ത കഥക് നര്‍ത്തകിയും നൃത്തം സംവിധായികയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയുമായ ശര്‍മിഷ്ഠ മുഖര്‍ജി, ബിസിനസ്സ് രംഗത്തുള്ള ഇന്ദ്രജിത് മുഖര്‍ജി എന്നിവരാണ് മറ്റു രണ്ട് മക്കള്‍. ഭാര്യ സുവ്ര മുഖര്‍ജി അഞ്ചു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഗ്രന്ഥകാരിയും സംഗീതജ്ഞയും നര്‍ത്തകിയുമായ സുവ്ര മുഖര്‍ജിയുടെ വേര്‍പാട് അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ സാക്ഷിപ്പെടുത്തുന്നുണ്ട്. സുവ്ര മുഖര്‍ജി, അവരുടെ 74ആം വയസ്സില്‍ പ്രണബ് വിട പറഞ്ഞ ഇതേ സൈനിക ആശുപത്രിയില്‍ നിന്നാണ് വിടപറഞ്ഞത്.
എതിരാളികളാല്‍ പോലും അംഗീകരിക്കപ്പെട്ട വ്യക്തിത്വവും കാര്യശേഷിയും അവസാന നിമിഷം വരെ കാത്തു സൂക്ഷിച്ച, ബംഗാളിലെ സാധാരണ ഗ്രാമത്തില്‍ നിന്ന് പടിപടിയായി ഉയര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രപതി പദത്തില്‍ വരെ എത്തിയ പ്രതിഭാശാലിയായ പ്രണാബ് കുമാര്‍ മുഖര്‍ജിയെന്ന പ്രണാബ് ദാ അങ്ങേക്ക് വിട.
ഇവിടെ വായിക്കാം: പ്രണാബ് ദാ മണ്ണിലേക്ക് ചേര്‍ന്നു