വ്യാജരേഖ ചമയ്‌ക്കൽ; വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു

കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

By Trainee Reporter, Malabar News
vidya

കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കോളേജ് അധികൃതർ നൽകിയ പരാതിയിലാണ് നടപടി. കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

അതേസമയം, വിദ്യക്കെതിരെയുള്ള അന്വേഷണത്തിൽ പോലീസ് മെല്ലെപ്പോക്ക് നടത്തുകയാണെന്ന് വ്യാപകമായി ആക്ഷേപം ഉയരുന്നുണ്ട്. വിദ്യക്കെതിരെ കോളേജ് പ്രിൻസിപ്പൽ പരാതി നൽകിയിട്ട് ദിവസങ്ങളായി. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ മൂന്ന് ദിവസം പിന്നിട്ടിട്ടും വിദ്യയെ ചോദ്യം ചെയ്യാനോ വ്യാജരേഖ കണ്ടെത്താനോ പോലീസിനായിട്ടില്ല.

അതിനിടെ, മഹാരാജാസ് കോളേജിൽ നിന്ന് ലഭിച്ച ആസ്‌പയർ സ്കോളർഷിപ്പ് പ്രോജക്‌ട് സർട്ടിഫിക്കറ്റാണ് വ്യാജരേഖക്ക് അടിസ്‌ഥാനമെന്ന സംശയവും ഉയർന്നിട്ടുണ്ട്. അതേസമയം, വിദ്യക്കെതിരെയുള്ള കേസിൽ അന്വേഷണം ആര് നടത്തണമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. മഹാരാജാസിന്റെ പരാതിയിൽ കൊച്ചി പൊലീസാണോ, അതോ വ്യാജരേഖ കണ്ടെത്തിയ അഗളി പോലീസാണോ അന്വേഷണം നടത്തേണ്ടത് എന്നതിൽ പരാതി കിട്ടിയതു മുതൽ സംശയത്തിലാണ് പോലീസ്.

ഇതിനൊപ്പം കാസർഗോഡ് കരിന്തളം കോളേജിലും വ്യാജരേഖ നൽകിയെന്ന പരാതി കൂടി വന്നതോടെ നീലേശ്വരം പോലീസും വിദ്യക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, വിദ്യയുടെ ഗവേഷണ ഗൈഡ് സ്‌ഥാനത്ത്‌ നിന്ന് ബിച്ചു എക്‌സ്‌ മലയിൽ പിൻമാറി. നിയമപരമായി വിദ്യയുടെ നിരപരാധിത്വം തെളിയുന്നത് വരെ ഗൈഡ് സ്‌ഥാനത്ത്‌ നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു എക്‌സ്‌ മല കാലടി സർവകലാശാലയെ അറിയിച്ചു. കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് വിദ്യ. പിഎച്ച്ഡി പ്രവേശനവും മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവകലാശാലയിലും വിദ്യക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം, മഹാരാജാസ് കോളേജിന്റെ സ്വയംഭരണ പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി യുജിസിക്കും ഗവർണർക്കും നിവേദനം നൽകി. കോളേജിലെ ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥി സംഘടനാ നേതാക്കളുടെയും നിയന്ത്രണത്തിന് കീഴിലാണ് കോളേജിന്റെ ഭരണം പരീക്ഷാ നടത്തിപ്പ് ഉൾപ്പടെയുടെ അക്കാദമിക പ്രവർത്തനങ്ങളും നടക്കുന്നു എന്നതിന്റെ തെളിവാണ് കോളേജിൽ ഈ അടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങളെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Most Read: കാട്ടുതീ; അന്തരീക്ഷമാകെ മഞ്ഞ നിറം- എൻ95 മാസ്‌ക് നിർബന്ധമാക്കി വടക്കേ അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE