കൊച്ചി: മഹാരാജാസ് കോളേജിലെ വിഷയത്തിൽ കെ വിദ്യയെ തള്ളിപ്പറഞ്ഞു എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപി ജയരാജന്റെയും പികെ ശ്രീമതിയുടെയും അഭിപ്രായ പ്രകടനങ്ങൾ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു കെ സുരേന്ദ്രൻ.
ലക്ഷണമൊത്ത ഭീകരസംഘടനയായി കേരളത്തിൽ എസ്എഫ്ഐ മാറിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കൊടും ക്രിമിനലുകളാണ് എസ്എഫ്ഐയെ നയിക്കുന്നത്. അധ്യാപകരെയും കോളേജ് അധികൃതരെയും ഭീഷണിയുടെ മുൾമുനയിൽ നിർത്തി തങ്ങളുടെ വരുതിയിലാക്കിയാണ് പല കാര്യങ്ങളും നേടിയെടുക്കുന്നത്. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
”എസ്എഫ്ഐ നേതാക്കളാരും ക്യാമ്പസുകളിൽ പോയി പഠിക്കുന്നവരല്ല. അവരെ പരീക്ഷകളിൽ ജയിപ്പിക്കാമെന്ന കരാർ സിപിഎം ഏറ്റെടുത്തിട്ടുണ്ട്. മഹാരാജാസ് കോളേജിലെ സംഭവത്തിൽ കേരള പോലീസ് അന്വേഷിച്ചാൽ ഒരു കാര്യവും തെളിയില്ല. ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന ഇത്തരം പ്രശ്‌നങ്ങളിലെ വസ്‌തുതകൾ പുറത്തുവരേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. പാർട്ടി തലത്തിൽ അന്വേഷിക്കാൻ അത് സിപിഎമ്മിന്റെ മാത്രം വിഷയമല്ല. യാഥാർഥ്യം പുറത്തുവരാൻ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാകണം”- കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Most Read: ഡച്ച് നൊബേൽ പ്രൈസിന് അർഹയായി ഇന്ത്യൻ വംശജയായ പ്രൊഫ. ജോയീറ്റ ഗുപ്‌ത