ന്യൂഡെൽഹി: നെതർലൻഡിലെ ഏറ്റവും ഉയർന്ന ബഹുമതിയായ സ്‌പിനോസാ പ്രൈസിന് അർഹയായി ഇന്ത്യൻ വംശജയായ പ്രൊഫ. ജോയീറ്റ ഗുപ്‌ത. ശാസ്‌ത്ര രംഗത്തെ സേവനത്തിനാണ് ബഹുമതി. ‘സുസ്‌ഥിരമായ ലോകം’ എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനാണ് ജോയീറ്റ ഗുപ്‌ത, ഡച്ച് നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന സ്‌പിനോസാ പ്രൈസിന് അർഹയായത്.
1.5 മില്യൺ യൂറോയാണ് (13.26 കോടി) അവാർഡ് തുക. ഗവേഷണ സംബന്ധമായ ജോയീറ്റയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ ബഹുമതി. മികച്ച രീതിയിലെ ഭരണം മൂലം ആഗോളതാപനവും കാലാവസ്‌ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാൻ കഴിയുമെന്നതിലേക്ക് നിർണായക ചുവടുവെപ്പുകളാണ് ജോയീറ്റ ഗുപ്‌ത തന്റെ ഗവേഷണത്തിലൂടെ മുന്നോട്ട് വെക്കുന്നത്.
കാലാവസ്‌ഥാ പ്രശ്‌നങ്ങളും ആഗോള ജലദൗർലഭ്യതയും എങ്ങനെ പരിഹരിക്കാമെന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഗവേഷണം മുന്നോട്ട് വെക്കുന്നുണ്ട്. ജനങ്ങൾക്കും പരിസ്‌ഥിതിക്കും കോട്ടം വരാത്ത രീതിയിൽ നീതി ഉറപ്പാക്കിക്കൊണ്ടുള്ള നിർദ്ദേശങ്ങളാണ് ജോയീറ്റ ഗുപ്‌ത പഠനത്തിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് ആംസ്‌റ്റർഡാം സർവകലാശാല വിശദമാക്കുന്നു.
ആംസ്‌റ്റർഡാം സർവകലാശാലയിൽ ഈ ബഹുമതി നേടുന്ന 12ആമത്തെ ഗവേഷകയാണ് ജോയീറ്റ ഗുപ്‌ത. ഡെൽഹി, ഗുജറാത്ത് സർവകലാശാല, ഹാർഡ്‌വാർഡ് ലോ സ്‌കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് ജോയീറ്റ ആംസ്‌റ്റർഡാം സർവകലാശാലയിൽ എത്തുന്നത്. 2013 മുതൽ ആംസ്‌റ്റർഡാം സർവകലാശാലയിൽ പ്രൊഫസറാണ് ജോയീറ്റ ഗുപ്‌ത.
Most Read: കാട്ടുതീ; അന്തരീക്ഷമാകെ മഞ്ഞ നിറം- എൻ95 മാസ്‌ക് നിർബന്ധമാക്കി വടക്കേ അമേരിക്ക