കൊയിലാണ്ടി: ലോകമെമ്പാടും കേരളത്തിന്റെയും മലബാറിന്റെയും യശസുയർത്തിയ കഥകളി ആചാര്യനും, നൃത്താധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ചേമഞ്ചേരിയിലെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 104 വയസ് പിന്നിട്ട അദ്ദേഹം മരണം വരെ വേദികളിൽ നിന്നും മാറി നിൽക്കാൻ ശ്രമിച്ചിരുന്നില്ല.
മടയന്‍കണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുകുട്ടിയുടേയും മകനായി 1916 ജൂണ്‍ 26ന് കോഴിക്കോട് ചേമഞ്ചേരിയിലാണ് അദ്ദേഹം ജനിച്ചത്. തന്റെ പതിനഞ്ചാം വയസില്‍ വാരിയം വീട്ടില്‍ നാടകസംഘത്തിന്റെ ‘വള്ളിത്തിരുമണം‘ എന്ന നാടകത്തോടെ രംഗപ്രവേശനം നടത്തിയ ശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം കഴിവ് നേടിയ അസാമാന്യ പ്രതിഭയായിരുന്നു. 1977ല്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ക്കൊപ്പം പൂക്കാട് കലാലയവും 1983ല്‍ ചേലിയ കഥകളി വിദ്യാലയവും സ്‌ഥാപിച്ചു.
സിനിമാ നടന്‍ വിനീത് വരെ നീളുന്നു ഇദ്ദേഹത്തിന്റ ശിഷ്യസമ്പത്ത്. 1979ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി കേരള സംഗീത നാടക അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു. 2001ല്‍ കേരള കലാമണ്ഡലം വിശിഷ്‌ട സേവനത്തിനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. 2002ല്‍ കൊച്ചി കേരളദര്‍പ്പണം നാട്യകുലപതിയായി പ്രഖ്യാപിച്ചു.
പത്തുകൊല്ലം കേരള ഗവണ്‍മെന്റ് നടനഭൂഷണം എക്‌സാമിനറായും ഒരു വര്‍ഷം കേരളകലാമണ്ഡലം എക്‌സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും ഒരു വര്‍ഷം സംഗീതനാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും അദ്ദേഹം സേവനമനുഷ്‌ടിച്ചു.
രണ്ടര വയസില്‍ അമ്മയേയും 13ആം വയസില്‍ അച്ഛനേയും 36ആം വയസിൽ ഭാര്യയേയും നഷ്‌ടപ്പെട്ടിട്ടും തന്റെ വ്യക്‌തി ജീവിതത്തിലെ വേദനകൾ കലാജീവിതത്തിൽ പ്രതിഫലിപ്പിക്കാതെ എട്ട് നൂറ്റാണ്ടിലധികമായി മലബാറിന്റെ മുഖമായി മാറിയ അദ്ദേഹം ഏവർക്കും പ്രചോദനമായിരുന്നു.
ചേലിയ കഥകളി വിദ്യാലയത്തില്‍, വിദ്യാർഥികള്‍ക്ക് കഥകളിയുടെയും വിവിധ നൃത്തരൂപങ്ങളുടെയും അറിവുകള്‍ പകര്‍ന്നു നല്‍കി സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായി, നാടിന്റെയും നാട്ടുകാരുടെയും ഗുരുവര്യനായി കഴിഞ്ഞ അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്‌ടമാണ്. നാട്യകുലപതിക്ക്, കഥകളിയിലെ പകരം വയ്‌ക്കാനില്ലാത്ത ആ പ്രതിഭക്ക് മലബാർ ന്യൂസ് ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.
Read Also: കോൺഗ്രസിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന് പൂർത്തിയാകും; തർക്കങ്ങൾ പരിഹരിക്കും


































