കീവ്: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ വലഞ്ഞ് മലയാളികൾ. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് യുക്രെയ്‌നിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ആകെ നാലുപേർക്ക് മാത്രമാണ് ഇന്നലെ മടങ്ങാനായത്.
എയർ ടിക്കറ്റുകളുടെ വില താങ്ങാനാകാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പടെ കുടുങ്ങിയിരിക്കുകയാണ്. പല വിമാനങ്ങളും ക്യാൻസൽ ചെയ്‌തതും വിനയായി. കൂടുതൽ വിമാനങ്ങൾക്കായി കേരള സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്‌നിലെ മലയാളികൾ. 2500ഓളം മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പടെ 20000ത്തോളം മലയാളികളാണ് യുക്രെയ്‌നിലുള്ളത്.
ഇ മെയിൽ വഴിയും ടെലിഫോൺ വഴിയും ഇന്ത്യൻ എംബസിയെ ബന്ധപ്പെടുമ്പോൾ നിങ്ങൾ സുരക്ഷിതരാണെന്ന മറുപടിയാണ് അവർ നൽകുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. എന്തെങ്കിലും സംഭവിച്ചാൽ അവർ രക്ഷപെടുത്തുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും വിദ്യാർഥികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. അത്യാവശ്യം ഇല്ലാത്തവരും വിദ്യാർഥികളും ഉടൻ തന്നെ മടങ്ങണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. എന്നാൽ, ഫെബ്രുവരി 20 വരെ ഒരു വിമാനത്തിലും ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്‌ഥയാണുള്ളത്.
സൈനിക നടപടിയിലേക്ക് നീങ്ങില്ലെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. യുക്രെയ്‌ൻ അതിർത്തിയിലെ സൈനിക വിന്യാസം ഭാഗികമായി പിൻവലിച്ചുവെന്നും പുടിൻ പറഞ്ഞു. ചർച്ചക്ക് സന്നദ്ധത അറിയിച്ചുവെങ്കിലും നാറ്റോയ്‌ക്ക് എതിരായ നിലപാട് പുടിൻ ശക്‌തമായി ആവർത്തിച്ചതോടെ യൂറോപ്പിലെ യുദ്ധഭീതി തുടരുകയാണ്. യുക്രെയ്‌നെ ആക്രമിച്ചാൽ ശക്‌തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: അജിത്ത് ആരാധകരെ ആവേശത്തിലാക്കി ‘വലിമൈ’യുടെ പുതിയ പ്രൊമോ