കാസർഗോഡ് : ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ഹിറ്റാകാൻ ഒരുങ്ങി ജയിൽ മൽസ്യവും. ഇന്ന് മുതൽ ചീമേനി തുറന്ന ജയിലിന്റെ കവാടത്തിൽ നിന്നും ആളുകൾക്ക് മൽസ്യം വാങ്ങാവുന്നതാണ്. ജയിലിൽ വളർത്തുന്ന മൽസ്യങ്ങളാണ് ഇവിടെ വിൽപന നടത്തുന്നത്.
മാസങ്ങൾക്ക് മുൻപാണ് ചീമേനി തുറന്ന ജയിലിൽ മൽസ്യക്കൃഷി ആരംഭിച്ചത്. 4,000ൽ അധികം മൽസ്യ കുഞ്ഞുങ്ങളെ ഇവിടെ വളർത്തിയെടുത്തിട്ടുണ്ട്. മൽസ്യക്കൃഷിക്ക് ഒപ്പം തന്നെ പച്ചക്കറി കൃഷിയും ഇവിടെ നടത്തിയിരുന്നു. ഇതിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ഇതിനോടകം തന്നെ ജയിലിന്റെ ലഘുഭക്ഷണ ശാല വഴി വിൽപന നടത്തുന്നുണ്ട്.
ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് മൽസ്യക്കൃഷിയുടെ വിളവെടുപ്പ് നടത്തിയത്. മിതമായ വിലയിൽ മൽസ്യം ആളുകളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ജയിൽ അധികൃതർ വ്യക്‌തമാക്കി. കൂടാതെ ആദ്യ ദിവസം തന്നെ ഒരു ടൺ വരെ മൽസ്യം വിപണയിലെത്തിക്കാനാണ് ശ്രമമെന്നും ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ കൂട്ടിച്ചേർത്തു.
Read also : സിദ്ദീഖ് കാപ്പനെ കാണാൻ അനുമതി തേടി ഭാര്യ കോടതിയിൽ