ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് ഡെൽഹി എയിംസിൽ ചികിൽസയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവൽ നിൽക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുന്നുവെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. കാപ്പനെ കാണാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനും റൈഹാനത്ത് കത്തയച്ചു.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഏപ്രിൽ 30നാണ് മഥുര ജയിലിൽ കഴിഞ്ഞിരുന്ന സിദ്ദീഖ് കാപ്പനെ ഡെൽഹിയിലെ എയിംസിലേക്ക് ചികിൽസക്കായി മാറ്റിയത്. കേരളത്തിൽ നിന്ന് എത്തിയ റൈഹാനത്തും മകനും മെയ് ഒന്ന് മുതൽ ചികിൽസയിൽ കഴിയുന്ന കാപ്പനെ കാണാൻ ശ്രമിക്കുകയാണ്.
എന്നാൽ ചികിൽസയിൽ കഴിയുന്ന തടവുപുള്ളികളെ ജയിലിന് പുറത്ത് വച്ച് ബന്ധുക്കൾക്കോ, അഭിഭാഷകർക്കോ കാണാൻ കഴിയില്ലെന്ന ജയിൽ ചട്ടം ചൂണ്ടിക്കാട്ടി പോലീസ് കൂടിക്കാഴ്‌ച അനുവദിച്ചിരുന്നില്ല.ഇതിന് എതിരെയാണ് റൈഹാനത്ത് മഥുര കോടതിയെയും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെയും സമീപിച്ചത്.
Read Also: കോവിഡ്; അടുത്ത ആഴ്‌ചകളിൽ മരണനിരക്ക് ഇരട്ടിയാകാൻ സാധ്യതയെന്ന് വിദഗ്‌ധർ