കൊച്ചി: ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മൽസ്യ തൊഴിലാളി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ രാജൻ. മൽസ്യ തൊഴിലാളിയുടെ മരണം ദൗർഭാഗ്യകരമാണെന്നും റവന്യൂ വകുപ്പിന് വീഴ്‌ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
സമഗ്രമായ അന്വേഷണം നടത്തും. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറെ അന്വേഷണത്തിന് നിയോഗിച്ചു. ഒരാഴ്‌ചക്കുള്ളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു.
പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ബാങ്ക് വായ്‌പ ലഭിക്കുന്നതിനായി ഭൂമി തരം മാറ്റി കിട്ടാൻ അപേക്ഷ നൽകിയ സജീവനെ കഴിഞ്ഞ ഒരു വർഷത്തോളമായി വിവിധ സർക്കാർ ഓഫിസുകൾ വട്ടം കറക്കുകയായിരുന്നു. ആധാരത്തിൽ ‘നിലം’ എന്നുള്ള 5 സെന്റ് ഭൂമി പുരയിടം ആക്കാനാണ് സജീവൻ ഓഫിസുകൾ കയറിയിറങ്ങിയത്.
ബുധനാഴ്‌ച ആർഡിഒ ഓഫിസിലെത്തിയപ്പോൾ ഉദ്യോഗസ്‌ഥർ അപമാനിച്ച് ഇറക്കി വിട്ടതായി ബന്ധുക്കൾ പറയുന്നു. ഉദ്യോഗസ്‌ഥർക്കും സർക്കാരിനും എതിരെ കത്തെഴുതി വച്ചാണ് ആത്‌മഹത്യ. ഭരണ സംവിധാനവും ഉദ്യോഗസ്‌ഥരുടെ മനോഭാവവുമാണ് കാരണം എന്ന് ആത്‌മഹത്യാ കുറിപ്പിൽ പറയുന്നു.
Most Read: ലോകായുക്‌ത ഓർഡിനൻസ്; ഗവർണർക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ്