പത്തനംതിട്ട: അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കസ്‌റ്റഡിയിലിരിക്കെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി. കുട്ടിയുടെ രണ്ടാനച്ഛൻ കൂടിയായ അലക്‌സിനെ (23) ആണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. തിങ്കളാഴ്‌ച രാത്രി 12 മണിയോടെയാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ഇയാള്‍ക്കു വേണ്ടി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ട അലക്‌സിനെ സ്‌റ്റേഷന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് വിലങ്ങുമായി ഇയാൾ ഓടി രക്ഷപ്പെട്ടത്.
കുമ്പഴ കളീക്കല്‍പടിക്ക് സമീപം വാടകക്ക് താമസിക്കുക ആയിരുന്ന തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ കുടുംബത്തിലെ അഞ്ച് വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടാനച്ഛന്‍ അലക്‌സിനെ പത്തനംതിട്ട പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ശരീരം കത്തികൊണ്ട് മുറിച്ചും മർദ്ദിച്ചും കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തുക ആയിരുന്നു.
കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; “കുട്ടിയുടെ അമ്മ തിങ്കളാഴ്‌ച രാവിലെ എട്ടരയോടെ സമീപത്തെ വീട്ടില്‍ ജോലിക്ക് പോയി. രണ്ടരയോടെ തിരികെ എത്തിയപ്പോൾ മദ്യപിച്ച നിലയില്‍ അലക്‌സ് മുറിയില്‍ കിടക്കുന്നതുകണ്ടു. തൊട്ടടുത്ത് ചലനമറ്റ് കുഞ്ഞും കിടപ്പുണ്ടായിരുന്നു. കുഞ്ഞിന് എന്തുപറ്റിയെന്ന് തിരക്കിയ അമ്മയെ അലക്‌സ് മർദ്ദിച്ചു. ഇതോടെ അമ്മ വിവരം സമീപവാസികളെ അറിയിച്ചു. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു”.
കുഞ്ഞിന്റെ കഴുത്തിൽ ഉൾപ്പടെ പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. മൃതദേഹം ചൊവ്വാഴ്‌ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്‌റ്റുമോർട്ടം നടത്തും.
Also Read: ലാവ്‌ലിൻ കേസ്; മുഖ്യമന്ത്രിക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും