പറവൂരിൽ ഭക്ഷ്യവിഷബാധ; ചികിൽസ തേടിയവരുടെ എണ്ണം 68 ആയി- കേസെടുത്ത് പോലീസ്

പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തിയുടെ റൈസ് മാത്രം കഴിച്ചവർക്ക് പ്രശ്‌നമില്ല. മാംസം കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നാണ് സൂചന.

By Trainee Reporter, Malabar News
Food poisoning in Paravur
Ajwa Travels

കൊച്ചി: എറണാകുളം പറവൂരിൽ കുഴിമന്തി കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ് ചികിൽസ തേടിയവരുടെ എണ്ണം 68 ആയി. രണ്ടു കുട്ടികൾ ഉൾപ്പടെ 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതരാവസ്‌ഥയിൽ ആയ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

20 പേർ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയിട്ടുണ്ട്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർ മറ്റു ജില്ലകളിലും ചികിൽസ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ ഒമ്പത് പേർ കുന്നുകര എംഇഎസ് കോളേജിലെ വിദ്യാർഥികളാണ്. കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തിയുടെ റൈസ് മാത്രം കഴിച്ചവർക്ക് പ്രശ്‌നമില്ല. മാംസം കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നാണ് സൂചന.

അതിനിടെ, മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥർ എത്തി ഹോട്ടൽ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ നിന്ന് പഴയ ചായപ്പൊടിയിൽ നിറം ചേർത്തത് പിടികൂടിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു.

അതേസമയം, കളമശ്ശേരിയിൽ നിന്ന് കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്‌തത്‌ 49 റെസ്‌റ്റോറന്റുകളിൽ ആണെന്ന വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് കളമശേരി കൈപ്പടമുകളിലെ വീട്ടിൽ നിന്നും 500 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് മൂന്ന് പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന പഴകിയ മാംസം കണ്ടെത്തിയത്.

സംഭവത്തിൽ കളമശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഈ ഇറച്ചി എത്തിച്ചത് എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിരുന്നു.

നഗരസഭാ സെക്രട്ടറി പോലീസിന് രേഖാമൂലം പരാതി നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 273, 269 വകുപ്പുകൾ പ്രകാരമാണ് കേസ്. ബോധപൂർവം പൊതുജന ആരോഗ്യത്തിന് കേട് ഉണ്ടാക്കുന്ന വിധം പ്രവർത്തിച്ചു, രോഗം പരത്തുന്ന തരത്തിൽ ഇത്തരം സംഭവങ്ങൾ നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Most Read: ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണം; ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE