ഒരു വർഷത്തിനിടെ ആഗോള തലത്തിൽ കൊല്ലപ്പെട്ടത് 227 പരിസ്‌ഥിതി പ്രവർത്തകർ

By Nidhin Sathi, Official Reporter
  • Follow author on
BRAZIL-FIRE-DEFORESTATION-AMAZON-PROTEST
Representational Image
Ajwa Travels

റിയോ ഡി ജനീറോ: ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്‌ടിച്ച കോവിഡ് മഹാമാരിക്ക് ഇടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിസ്‌ഥിതി, ഭൂസംരക്ഷകരുടെ കൊലപാതകങ്ങൾ കഴിഞ്ഞ വർഷം കുത്തനെ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള തലത്തിൽ ഏകദേശം 227 പരിസ്‌ഥിതി പ്രവർത്തകർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പ്രകൃതി, പരിസ്‌ഥിതി ചൂഷണങ്ങൾ ആശങ്കപ്പെടുത്തുന്ന വിധത്തിൽ കൂടുന്നുവെന്ന് ഈ കണക്കുകൾ വ്യക്‌തമാക്കുന്നു. ‘ഗ്ളോബൽ വിറ്റ്നസ്’ എന്ന സംഘടനയാണ് റിപ്പോർട് പുറത്തുവിട്ടത്. ഉപജീവനമാർഗമായി ആശ്രയിക്കുന്ന വനങ്ങളും നദികളും മറ്റ് ആവാസ വ്യവസ്‌ഥകളും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത്.

2015ല്‍ കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങൾ ‘പാരിസ് ഉടമ്പടി’ ഒപ്പ് വച്ചതിന് ശേഷം മാത്രം ആഴ്‌ചയില്‍ ശരാശരി നാല് പരിസ്‌ഥിതി പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോകജനസംഖ്യയുടെ കേവലം അഞ്ച് ശതമാനത്തിൽ താഴെമാത്രമുള്ള തദ്ദേശീയ, ഗോത്ര-ആദിവാസി വിഭാഗങ്ങളാണ് കൊലചെയ്യപ്പെട്ടവരിൽ മൂന്നിലൊന്നും. മറ്റെല്ലാ പ്രതിസന്ധികളും എന്നപോലെ താരതമ്യേന ദരിദ്ര രാജ്യങ്ങളിലാണ് ഇത്തരം ചൂഷണങ്ങൾ കൂടുതലായി നടക്കുന്നത്.

കൊല്ലപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷമായി കുത്തനെ ഉയരുകയാണ്. 2013ൽ കൊല്ലപ്പെട്ട പരിസ്‌ഥിതി പ്രവർത്തകരുടെ ഇരട്ടിയാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ എന്നത് ആശങ്കയേറ്റുന്നു. കണക്കുകൾ റിപ്പോർട് ചെയ്യുന്നതിൽ വലിയ രീതിയിലുള്ള കുറവുകൾ ഉണ്ടാവാമെന്ന് പഠനം ചൂണ്ടികാണിക്കുന്നു. വിവിധ രാജ്യങ്ങളിലെ പത്രസ്വാതന്ത്ര്യം, പൗരാവകാശങ്ങൾ എന്നിവയെ ആശ്രയിച്ചാണ് പുറത്തുവരുന്ന കണക്കുകളുടെ യഥാർഥ വസ്‌തുതയെന്ന് സംഘടന പറയുന്നു.

An activist holds a poster
കൊളംബിയയിൽ പരിസ്‌ഥിതി പ്രവർത്തകർ നടത്തിയ പ്രതിഷേധം

65 മരണങ്ങളുമായി കൊളംബിയയാണ് പട്ടികയിൽ ഒന്നാമത്. ഇവിടെ കൊല്ലപ്പെട്ടവരിൽ ജീവ ശാസ്‌ത്രജ്‌ഞനായ ഗോൺസാലോ കാർഡോണ, പരിസ്‌ഥിതി മേഖലയിലെ പ്രവർത്തനത്തിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുള്ള യാമിദ് അലോൻസോ സിൽവയും എന്നീ പ്രമുഖരും ഉൾപ്പെടുന്നുണ്ട്. മെക്‌സിക്കോയിൽ 30 പേർക്കാണ് ജീവൻ നഷ്‌ടമായത്. ഫിലിപ്പീൻസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം കൊലപാതകങ്ങൾ വലിയ തോതിൽ നടക്കുന്നുണ്ട്.

ആക്രമണങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. പരിസ്‌ഥിതി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സര്‍ക്കാരുകൾ മുന്നോട്ട് വരണം. കമ്പനികൾ ലാഭം കൊയ്യാനായി ആളുകളെയും ഭൂമിയെയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ കാലാവസ്‌ഥാ വ്യതിയാനങ്ങൾ തുടരുകയും, ഇത് ചോദ്യം ചെയ്യുന്നവർ കൊല്ലപ്പെടുകയും ചെയ്യും; ഗവേഷണത്തിന് നേതൃത്വം നൽകിയ മുതിർന്ന പരിസ്‌ഥിതി പ്രവർത്തകരിൽ ഒരാളായ ക്രിസ് മാഡൻ ചൂണ്ടിക്കാണിച്ചു.

Read Also: ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി; ഫ്യുജിയാനിൽ രോഗബാധ ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE