തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്‌മസ് വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ്‌ഭവനിൽ നടക്കും. കടുത്ത ഭിന്നതക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും ആഘോഷത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, നവകേരള സദസ് ഇന്ന് മുതൽ പുനരാരംഭിക്കുന്നതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാൻ ഇടയില്ല. പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്‌ഥരും മത മേലധ്യക്ഷൻമാരും ഗവർണർ നടത്തുന്ന വിരുന്നിൽ പങ്കെടുക്കും.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച വിവാദവുമായി ബന്ധപ്പെട്ടാണ് ഗവർണർ-സർക്കാർ പോര് വീണ്ടും രൂക്ഷമായത്. കണ്ണൂർ സർവകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പലതവണ ഇടപെട്ടു. ഞാൻ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിൽ ആണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായത് കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പ് വെച്ചതെന്ന് ഗവർണർ നേരത്തെ തുറന്നു പറഞ്ഞിരുന്നു. വിസിയുടെ പുനർനിയമന ആവശ്യം വന്നപ്പോൾ തന്നെ ഇത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞിരുന്നുവെന്നും, എന്നാൽ, എജിയുടെ നിയമോപദേശമുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നുവെന്നും ഗവർണർ വ്യക്‌തമാക്കി.
Most Read| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; സുപ്രീം കോടതി വിധി നാളെ- നിർണായകം