ഓസ്ട്രേലിയൻ തീരത്തെ ‘ഗ്രേറ്റ്‌ ബാരിയർ റീഫ്’ അപകട ഭീഷണിയിൽ; യുനെസ്‌കോ

By Nidhin Sathi, Official Reporter
  • Follow author on
Great-Barrier-Reef-Australia-coast
Ajwa Travels

കാൻബറ: കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാവുന്ന നാശനഷ്‌ടങ്ങൾ കാരണം അപകട ഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ തീരത്തുള്ള ‘ഗ്രേറ്റ് ബാരിയർ റീഫ്‘ ഉൾപ്പെടുത്തണമെന്ന് യുനെസ്‌കോ. അടുത്ത മാസം നടക്കുന്ന യോഗത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശേഖരമായ ഗ്രേറ്റ് ബാരിയർ റീഫിനെ ഭീഷണി നേരിടുന്ന കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് തരംതാഴ്‌ത്തുമെന്ന് യുനെസ്‌കോ അറിയിച്ചു.

ആഗോളതാപനം വർധിക്കുന്ന സാഹചര്യത്തിൽ മേഖലയെ സംരക്ഷിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാൻ ഓസ്‌ട്രേലിയയോട് യുനെസ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ നിലപാടിനെ ഓസ്ട്രേലിയൻ സർക്കാർ പൂർണമായും തള്ളി. സംരക്ഷിത കേന്ദ്രത്തിന്റെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് യുനെസ്‌കോയും ഓസ്ട്രേലിയൻ സർക്കാരും നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു.

ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്ത് നിന്ന് 2,300 കിലോമീറ്റർ (1,400 മൈൽ) വരെ നീളുന്ന ഈ പവിഴപ്പുറ്റ് ശേഖരം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. 1981ലാണ് ഗ്രേറ്റ് ബാരിയർ റീഫ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്. മേഖലയുടെ ശാസ്‌ത്രീയവും, അന്തർലീനവുമായ പ്രാധാന്യം കണക്കിലെടുത്താണ് യുനെസ്‌കോ അന്ന് അത്തരമൊരു നടപടി സ്വീകരിച്ചത്.

2017ൽ യുനെസ്‌കോ ഈ മേഖലയുടെ അപകടാവസ്‌ഥയെ കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയതിന് ശേഷം പുനരുദ്ധാരണത്തിനായി ഏകദേശം 3 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറിലധികം ചിലവഴിച്ചുവെന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ റീഫിന്റെ പലഭാഗത്തും ബ്ളീച്ചിംഗ് (പവിഴപ്പുറ്റുകളുടെ മുഖ്യ ഘടകമായ ആൽഗകൾക്ക് നാശം സംഭവിക്കുന്ന അവസ്‌ഥ) പ്രതിഭാസം ഉണ്ടാവുകയും ഇത് വലിയതോതിൽ പവിഴപുറ്റുകളുടെ നാശത്തിന് കാരണമാവുകയും ചെയ്‌തതായാണ് യുനെസ്‌കോ ചൂണ്ടിക്കാണിക്കുന്നത്.

The-great-Barrier-Reef
പ്രതീകാത്‌മക ചിത്രം

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് മൂലമുണ്ടാവുന്ന ആഗോളതാപനത്തിന്റെ ഫലമായി സമുദ്ര താപനില ഉയരുന്നതാണ് ബ്ളീച്ചിംഗ് പ്രതിഭാസത്തിന് പ്രധാന കാരണമെന്ന് ശാസ്‌ത്രജ്‌ഞർ പറയുന്നു. എന്നാൽ വിഷയത്തിൽ ശക്‌തമായ നടപടികൾ സ്വീകരിക്കാൻ ഓസ്ട്രേലിയൻ സർക്കാർ വിമുഖത കാണിക്കുന്നതായാണ് സൂചനകൾ. കൽക്കരിയുടെയും, മറ്റ് ഫോസിൽ ഇന്ധനങ്ങളുടെയും ഏറ്റവും വലിയ ഇറക്കുമതി കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ് ഓസ്‌ട്രേലിയ.

റീഫിനെ അപകടഭീഷണി നേരിടുന്ന കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് മാറ്റാനുള്ള യുഎൻ തീരുമാനം ഓസ്‌ട്രേലിയയുടെ ദുർബലമായ കാലാവസ്‌ഥാ നയത്തെയാണ് എടുത്തു കാണിക്കുന്നതെന്ന് പരിസ്‌ഥിതി വാദികൾ വിമർശനം ഉന്നയിക്കുന്നു. കാലാവസ്‌ഥാ വ്യതിയാനം തടയാനുള്ള നടപടികളിൽ സർക്കാരിന്റെ പരാജയമാണ് ഇതിലൂടെ വ്യക്‌തമാവുന്നതെന്ന് പ്രമുഖ പരിസ്‌ഥിതി സംഘടനായ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഓസ്ട്രേലിയ വ്യക്‌തമാക്കുന്നു.

bleaching-reef
ബ്ളീച്ചിംഗ് പ്രതിഭാസത്തിന് ശേഷമുള്ള പവിഴപുറ്റുകളുടെ അവസ്‌ഥ

കാലാവസ്‌ഥാ വ്യതിയാനം റീഫിനെ ഗുരുതരാവസ്‌ഥയിലേക്ക് നയിച്ചതായി ഡിസംബറിൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

2019ൽ രാജ്യത്തെ പവിഴപ്പുറ്റ് സംരക്ഷണ അതോറിറ്റി തന്നെ അവരുടെ പഞ്ചവൽസര റിപ്പോർട്ടിൽ റീഫിന്റെ അവസ്‌ഥ അപകടകരമാണെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതോന്നും തന്നെ ഗൗരവത്തിലെടുക്കാൻ സ്‌കോട്ട് മോറിസൺ സർക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. എന്ന് മാത്രമല്ല കാർബൺ ബഹിർഗമനം കുറയ്‌ക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കാൻ സർക്കാർ ശ്രമിക്കുന്നുമില്ല. ഇത് മേഖലയെ വലിയ നാശത്തിലേക്കാവും തള്ളിവിടുക.

Read Also: ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ കൃത്യമായി ലഭിക്കുന്നില്ല; ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE