ന്യൂഡെൽഹി: ബ്രിജ് ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹരിദ്വാറിൽ ഗുസ്‌തി താരങ്ങളുടെ അതിവൈകാരികമായ പ്രതിഷേധം. നിലവിൽ, ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് പിൻമാറിയിരിക്കുകയാണ് ഗുസ്‌തി താരങ്ങൾ. മെഡൽ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട് കർഷക നേതാക്കൾ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് തീരുമാനം.
ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി ഹരിദ്വാറിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്ത് ഉൾപ്പടെ ഉള്ളവർ താരങ്ങളിൽ നിന്ന് മെഡലുകൾ തിരികെ വാങ്ങി. മെഡൽ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട ഇവർ താരങ്ങളുമായി സംസാരിച്ചു. ഖാപ് നേതാക്കളും ഇവർക്കൊപ്പമുണ്ട്. കായിക താരങ്ങളോട് അഞ്ചു ദിവസം സമയം തരണമെന്നും പ്രശ്‌നപരിഹാരത്തിന് ഇടപെടൽ ഉണ്ടാകുമെന്നും കർഷക നേതാക്കൾ അറിയിച്ചു.
ഈ അഭ്യർഥന പരിഗണിച്ചാണ് താരങ്ങൾ പിൻമാറിയത്. മെഡലുകൾ ഒഴുക്കില്ലെന്നും അഞ്ചു ദിവസം നടപടി ഉണ്ടായില്ലെങ്കിൽ തിരിച്ചു വരുമെന്നും കായിക താരങ്ങൾ അറിയിച്ചു. ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിനായാണ് ഗുസ്‌തി താരങ്ങൾ ഹരിദ്വാറിലെത്തിയത്. മെഡലുകൾ നെഞ്ചോട് ചേർത്തുപിടിച്ചു കണ്ണീരണിഞ്ഞാണ് താരങ്ങൾ എത്തിയത്.
താരങ്ങൾക്ക് പിന്തുണയുമായി വൻ ജനാവലിയാണ് ഹരിദ്വാറിൽ ഉള്ളത്. പിന്തുണയുമായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ളെയും രംഗത്തെത്തി. ജന്തർ മന്ദറിലെ പോലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് താരം വ്യക്‌തമാക്കി. പോലീസ് ഇടപെട്ടതിന് പിന്നാലെയാണ് ഗുസ്‌തി താരങ്ങൾ കടുത്ത സമരത്തിലേക്ക് കടന്നത്. അന്താരാഷ്‌ട്ര മൽസരങ്ങളിൽ അടക്കം രാജ്യത്തെ പ്രതിനിധീകരിച്ചു നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഇന്നാണ് ഗുസ്‌തി താരങ്ങൾ അറിയിച്ചത്.
മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും. അനിശ്‌ചിതകാല നിരാഹാര സമരമാണ് ആരംഭിക്കുന്നത്. തങ്ങൾ കഠിനാധ്വാനം ചെയ്‌ത് നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പം നിൽക്കണോ പീഡിതർക്കൊപ്പം നിൽക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടേയെന്നും ഗുസ്‌തി താരങ്ങൾ പറഞ്ഞു.
Most Read: മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി