ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് ചികിൽസിച്ച ഡോക്‌ടർ. അലിഗഡിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടർ ആണ് വെളിപ്പെടുത്തൽ നടത്തിയത്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന ഉത്തർപ്രദേശ് പോലീസിന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ് ഡോക്‌ടറുടെ വെളിപ്പെടുത്തൽ.
പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് അലിഗഡിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആശുപത്രിൽ ആയിരുന്നു. തുടർന്ന് ആശുപത്രി തയ്യാറാക്കിയ മെഡിക്കോ-ലീഗൽ എക്‌സാമിനേഷൻ റിപ്പോർട്ടിലാണ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതായി പരാമർശമുള്ളത്. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വൈദ്യ പരിശോധനക്കുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചാണ് ഡോക്‌ടർമാർ പരിശോധന നടത്തിയത്.
ഈ പരിശോധനാ റിപ്പോർട്ടിൽ പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. എന്നാൽ, പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയോ സാധ്യത തള്ളിക്കളയുകയോ ചെയ്‌തിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് ഫോറൻസിക് പരിശോധനക്ക് റിപ്പോർട്ടിൽ ശുപാർശ ചെയ്യുകയും ചെയ്‌തിരുന്നു.
Also Read: ബിഹാര്‍; മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; തേജസ്വി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി
പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് ആയിരുന്നു ഉത്തർപ്രദേശ് പോലീസിന്റെ വിശദീകരണം. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇത്തരമൊരു വിശദീകരണം നൽകിയത്.
അതേസമയം, സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാർ എസ്ഐടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇത് രണ്ടും തള്ളുകയാണ് പെൺകുട്ടിയുടെ കുടുംബം.
എസ്ഐടി അന്വേഷണത്തിലോ സിബിഐ അന്വേഷണത്തിലോ വിശ്വാസമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇന്നലെ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ എസ്ഐടി സംഘത്തോട് കുടുംബം സഹകരിച്ചിരുന്നില്ല.