കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നാടകീയ രംഗങ്ങൾ. ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സ്‌ഥാപിച്ചിരുന്ന മൂന്ന് ബാനറുകൾ പോലീസ് അഴിച്ചു നീക്കി. ഇന്ന് ഉച്ചക്ക് ബാനറുകൾ അഴിച്ചു നീക്കാൻ ഗവർണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, വൈകിട്ട് നടക്കാൻ ഇറങ്ങിയ സമയത്തും ബാനറുകൾ നീക്കിയിട്ടില്ലെന്ന് കണ്ട ഗവർണർ മലപ്പുറം എസ്‌പിയോട് കയർത്തു. ഇതേത്തുടർന്ന് എസ്‌പിയും പോലീസുകാരും ചേർന്ന് മൂന്ന് ബാനറുകളും അഴിക്കുകയായിരുന്നു.
ചാൻസലർ ഗോ ബാക്ക്, മിസ്‌റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം, സംഘി ചാൻസലർ വാപസ് എന്നിങ്ങനെ മൂന്ന് ബാനറുകളാണ് എസ്എഫ്ഐ ഉയർത്തിയത്. കറുത്ത തുണിയിൽ വെള്ള നിറത്തിലായിരുന്നു ബാനറുകൾ. ഇതിനിടെ, ബാനറുകൾ നീക്കാൻ അനുവദിക്കില്ലെന്നും ഒരു ബാനർ നീക്കിയാൽ നൂറു ബാനറുകൾ ഉയർത്തുമെന്നും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ വെല്ലുവിളിച്ചു.
നാടകീയ സംഭവങ്ങൾക്ക് പിന്നാലെ വൈസ് ചാൻസലർ എംകെ ജയരാജിനെ ഗവർണർ ഗസ്‌റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാലയിൽ സുരക്ഷ ശക്‌തമാക്കി. പ്രധാന കവാടം പൂർണമായും പോലീസിന്റെ സുരക്ഷയിലാണ്.
‘ഈ ബാനർ ഇപ്പോൾ നീക്കം ചെയ്‌തില്ലെങ്കിൽ ഞാനിപ്പോൾ ഇവിടെ നിന്ന് പോകും. നിങ്ങളാകും അതിന് ഉത്തരവാദി. ആരും എന്നെ പിന്തുടരേണ്ട ആവശ്യമില്ല. നിങ്ങൾ തന്നെ അവിടെ പോയി ബാനർ മാറ്റണം. മുഖ്യമന്ത്രി ഇതുപോലെ നിങ്ങളെ ഓർമിപ്പിക്കാൻ വരുമോ? മുഖ്യമന്ത്രിയാണ് ഇവിടെ താമസിച്ചതെങ്കിൽ നിങ്ങൾ ഇതിന് അനുവദിക്കുമോ? ഇപ്പോൾ തന്നെ ഇത് നീക്കണം. അല്ലെങ്കിൽ മൂന്ന് നാല് മാസം നിങ്ങൾ ഇതിന് മറുപടി പറയേണ്ടി വരും. നിങ്ങൾക്ക് ഇതൊന്നും കാണാൻ കണ്ണില്ലേ’- എസ്‌പിയോട് കയർത്തു ഗവർണർ പറഞ്ഞു. പിന്നാലെയാണ് എസ്‌പി ബാനർ അഴിച്ചുമാറ്റിയത്.
Most Read| കേരളത്തിൽ കൊവിഡ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; ജാഗ്രത മതി