കോവിഡ് ബാധിതർക്ക് ഗൃഹചികിൽസ; മൂന്നാം തരംഗം നേരിടാൻ സജ്‌ജമായി ആരോഗ്യവകുപ്പ്

By News Desk, Malabar News
kerala-covid
Rep. Image

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വർധിച്ചു വരികയാണ്. ഒമൈക്രോൺ കേസുകളും കൂടുകയാണ്.

സംസ്‌ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദമാണ് ഗൃഹ ചികിൽസ. ഇതിലൂടെ ആശുപത്രി സംവിധാനങ്ങള്‍ക്ക് സമ്മര്‍ദം നല്‍കാതെ എല്ലാവര്‍ക്കും മികച്ച പരിചരണം നല്‍കാനാകും. കേരളം വളരെ ഫലപ്രദമായി നടപ്പിലാക്കിയതാണ് ഗൃഹ പരിചരണം. കേസുകള്‍ കൂടിയാല്‍ ആശുപത്രി ചികിൽസ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം നല്‍കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സജ്‌ജമാക്കാനാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.

കാലാവസ്‌ഥാ വ്യതിയാനം കാരണം ജലദോഷം, പനി, ചുമ, ശരീര വേദന എന്നിവ കാണപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവരില്‍ കോവിഡോ ഒമൈക്രോണോ ഉണ്ടാകാനും സാധ്യതയുണ്ട്. ഇവര്‍ക്ക് കോവിഡ് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിനായി കോവിഡ് പരിശോധനയും ആവശ്യമാണ്. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ജീവനക്കാരെ തയ്യാറാക്കി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ദിശ കൗണ്‍സിലര്‍മാര്‍, ഇ സഞ്‌ജീവനി ഡോക്‌ടർമാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കുന്നു. സുരക്ഷിതമായ ഗൃഹ ചികിൽസ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ളതാണ് ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം.

മൂന്നാം തരംഗം മുന്നില്‍ കണ്ട് സംസ്‌ഥാനം വളരെ നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ആശുപത്രി സൗകര്യങ്ങള്‍, ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍, പീഡിയാട്രിക് ചികിൽസാ സംവിധാനങ്ങള്‍, ഓക്‌സിജന്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്‌ജമാക്കിയിരുന്നു. എല്ലാ ആശുപത്രികളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോണ്‍ പരിശീലനം, ഐസിയു മാനേജ്‌മെന്റ് പരിശീലനം എന്നിവ സംഘടിപ്പിച്ചിരുന്നു. ഈ പരിശീലനങ്ങള്‍ തുടരാനും തീരുമാനിച്ചു. ഇതുകൂടാതെയാണ് ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നത്.

സംസ്‌ഥാന ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്‌തമായി സി ഡിറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമില്‍ കോവിഡ് പ്രതിരോധത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള പരിശീലന പരിപാടികള്‍ നടത്തി വരുന്നു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും keralahealthtraining.kerala.gov.in ഈ ലിങ്കില്‍ കയറി രജിസ്‌റ്റര്‍ ചെയ്‌ത്‌ വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

Also Read: നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയത് വിൽക്കാൻ; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE