ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടി; നഗ്‌നചിത്രം പകർത്തി ഭീഷണിയും; ഇരയായത് പ്രവാസി വ്യവസായി

By News Desk, Malabar News
Honeytrap in Kozhikode
അറസ്‌റ്റിലായ സിന്ധു
Ajwa Travels

കോഴിക്കോട്: പ്രവാസി വ്യവസായിയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം ഹണിട്രാപ് എന്ന് പോലീസ്. കണ്ണൂർ സ്വദേശിയായ സ്‌ത്രീയുടെ നേതൃത്വത്തിലാണ് വ്യവസായിയെ ഹണിട്രാപ്പിൽ വീഴ്‌ത്തിയത്. ഇതിൽ സ്‌ത്രീ ഉൾപ്പടെ മൂന്ന് പേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്ന് 59 ലക്ഷം രൂപയും സ്വർണമാലയും കാറും തട്ടിയെടുത്ത കേസിൽ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സിന്ധു (46), പെരുമണ്ണ സ്വദേശി കെ ഷനൂബ് (39), ഫറൂഖ് കോളേജ് സ്വദേശി എം ശരത് കുമാർ (27) എന്നിവരെയാണ് നടക്കാവ് പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തത്‌. കേസിൽ ആറുപേർ കൂടി പ്രതികളാണെന്നും ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

പലതവണകളായി വ്യവസായിയിൽ നിന്ന് പണം തട്ടിയ സംഘം ഇദ്ദേഹം പണം തിരിച്ചുചോദിച്ചതോടെയാണ് ഭീഷണി തുടങ്ങിയത്. ഇതിന് പുറമെ വീണ്ടും പണം ആവശ്യപ്പെട്ട സംഘം വ്യവസായിയെ മർദ്ദിക്കുകയും ഇദ്ദേഹത്തിന്റെ നഗ്‌നചിത്രങ്ങളെടുത്ത്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. സംഘം നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് വ്യവസായി പോലീസിന്റെ സഹായം തേടിയത്.

പ്രവാസി വ്യവസായിയുമായി ഫോണിലൂടെയാണ് പ്രതി സിന്ധു പരിചയം സ്‌ഥാപിക്കുന്നത്. നാട്ടിൽ ഹോട്ടൽ ബിസിനസും ബ്യൂട്ടി പാർലറും ഉണ്ടെന്ന് ഇദ്ദേഹത്തെ വിശ്വസിപ്പിച്ച സിന്ധു പണം നൽകിയാൽ വ്യാപാര സ്‌ഥാപനങ്ങളിൽ പങ്കാളിയാക്കാമെന്നും പറഞ്ഞു. തുടർന്ന് പല തവണകളായി ലക്ഷക്കണക്കിന് രൂപ വ്യവസായി ഇവർക്ക് കൈമാറി. എന്നാൽ, ഇവർക്ക് നാട്ടിൽ ഒരു ബിസിനസ് സ്‌ഥാപനം പോലുമില്ലെന്നാണ് പോലീസ് പറയുന്നത്.

പലതവണകളായി പണം കൈപ്പറ്റിയ സിന്ധു ലാഭവിഹിതമെന്ന രീതിയിൽ മൂന്ന് മാസം 50,000 രൂപ വീതം വ്യവസായിക്ക് നൽകിയിരുന്നു. ഇതോടെ കൂടുതൽ വിശ്വാസം നേടിയ സിന്ധു വീണ്ടും പണം തട്ടൽ തുടർന്ന്. ബിസിനസ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് കൂടുതൽ തുക നേടിയെടുത്ത ശേഷം പിന്നീട് ലാഭവിഹിതമൊന്നും വ്യവസായിക്ക് നൽകിയില്ല.

ഗൾഫിലായിരുന്ന വ്യവസായി നാട്ടിലെത്തിയാൽ വ്യാപാരകരാറിൽ ഒപ്പുവെക്കാമെന്ന് ആയിരുന്നു ഇവരുടെ വാഗ്‌ദാനം. എന്നാൽ, ഇദ്ദേഹം നാട്ടിലെത്തിയതോടെ സിന്ധു മുങ്ങി. എത്രയും വേഗം കരാർ ഒപ്പിടാമെന്നും അല്ലെങ്കിൽ പണം തിരികെ തരണമെന്നും വ്യവസായി കടുപ്പിച്ച് പറഞ്ഞതോടെ കാരപ്പറമ്പിലെ തന്റെ ഫ്‌ളാറ്റിലേക്ക് സിന്ധു ഇദ്ദേഹത്തെ വിളിച്ചുവരുത്തി. ഈ സമയം സിന്ധുവിന്റെ കൂട്ടാളികളായ യുവാക്കളും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു.

ഫ്‌ളാറ്റിലെത്തിയ വ്യവസായിയെ ഇവർ മർദ്ദിച്ച് അവശനാക്കുകയും ശേഷം വസ്‌ത്രങ്ങൾ അഴിച്ചുമാറ്റി നഗ്‌നനാക്കുകയും ചെയ്‌തു. കിടക്കുമുറിയിൽ എത്തിച്ച് സിന്ധുവിനൊപ്പം നിർത്തി ഫോട്ടോയും വീഡിയോയും പകർത്തി. പോലീസിൽ പരാതി നൽകിയാൽ ഇവ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് വ്യവസായിയുടെ സ്വർണമാലയും പ്രതികൾ കവർന്നു. ഇതോടെ ഭയന്നുപോയ വ്യവസായി പിന്നീട് പണം തിരികെ ചോദിക്കുകയും ചെയ്‌തില്ല.

ഈ സംഭവത്തിന് ശേഷവും പണം ആവശ്യപ്പെട്ട് പ്രതികൾ വീണ്ടും ഭീഷണി തുടർന്നതോടെയാണ് ഇദ്ദേഹം പോലീസിൽ പരാതി നൽകിയത്. കേസിൽ ഉൾപ്പെട്ട യുവാക്കളെല്ലാം ക്രിമിനൽ പശ്‌ചാത്തലമുള്ളവർ ആണെന്ന് പോലീസ് പറയുന്നു. ഇതിന് മുൻപും കോഴിക്കോട് കേന്ദ്രീകരിച്ച് ഹണിട്രാപ് തട്ടിപ്പ് ഇവർ നടത്തിയിട്ടുണ്ട്. എന്നാൽ, സിന്ധു ഇത്തരം കേസുകളിൽ നേരത്തെ ഉൾപ്പെട്ടിരുന്നോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. കണ്ണൂർ സ്വദേശിയായ ഇവർ കോഴിക്കോട്ടെ ക്രിമിനൽ സംഘത്തിൽ പുതുതായി എത്തിപ്പെട്ടതാണെന്നാണ് പോലീസിന്റെ നിഗമനം. കാരപ്പറമ്പിലെ ഫ്‌ളാറ്റിൽ ഭർത്താവെന്ന് പറയുന്ന ഒരാൾക്കൊപ്പമാണ് സിന്ധു താമസിച്ചിരുന്നതെന്നും ഇയാൾ ക്രിമിനൽ കേസ് പ്രതിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നടക്കാവ് പോലീസ് ഇൻസ്‌പെക്‌ടർ എൻ ബിശ്വാസ്, എസ്‌ഐ എസ്‌ബി കൈലാസ്‌നാഥ്‌ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികൾ തട്ടിയെടുത്ത വ്യവസായിയുടെ കാർ ഉടൻതന്നെ കസ്‌റ്റഡിയിൽ എടുക്കുമെന്നും ബാക്കിയുള്ള ആറ് പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങൾ മൊഴി നൽകാൻ എത്തിയില്ല; പ്രതികളുടെ വീട്ടിൽ റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE