ഇടുക്കി: കനത്ത മഴയിൽ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2398.68 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ജലനിരപ്പ് പരിശോധിച്ച ശേഷം കെഎസ്ഇബി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2399.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട് പ്രഖ്യാപിക്കും. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 95 ശതമാനത്തോളം വെള്ളം ഇപ്പോള്‍ അണക്കെട്ടില്‍ ഉണ്ട്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്‌തമായി തുടരുകയാണ്.
നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും മാറ്റമില്ലാതെ തുടരുന്നു. 556 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോൾ കൊണ്ടുപോകുന്നത്. കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ റൂൾ കർവ് പരിധി 141 അടിയാണ്.
Most Read: മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ: നാല് സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; സുരക്ഷ വർധിപ്പിച്ചു