ഇടുക്കി: നെടുങ്കണ്ടം രാജ് കുമാർ കസ്‌റ്റഡി മരണ കേസിൽ മുൻ എസ്‌പി വേണുഗോപാലിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. വേണുഗോപാലിന്റെ നുണ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. പൊലീസ് സ്‌റ്റേഷനിൽ വെച്ച് രാജ് കുമാറിനെ അന്യായമായി മർദിച്ച കാര്യം ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്ന വേണുഗോപാലിന് അറിയാമായിരുന്നെന്ന നിഗമനത്തിലാണ് സിബിഐ.
അതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വേണുഗോപാൽ കോടതിയെ സമീപിച്ചിട്ടുണ്ട്. വീണ്ടും ചോദ്യം ചെയ്യാനുള്ള സിബിഐ നീക്കത്തിനിടെയാണ് വേണുഗോപാൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വേണുഗോപാലിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ രംഗത്തെത്തിയിട്ടുണ്ട്.
രാജ്‌കുമാറിനെ മർദ്ദിച്ചു കൊന്നതാണെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്‌ഥർക്ക് അറിയാമായിരുന്നെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു. ഇത് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിൽ 8 പൊലീസുകാരെ സിബിഐ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് കസ്‌റ്റഡിയിലെടുത്ത രാജ്‌കുമാർ ക്രൂര മർദ്ദനത്തിനെ തുടർന്ന് 2019 ജൂൺ 21ന് മരിച്ചെന്നാണ് കേസ്. ഇടുക്കിയിലെ പീരുമേട് സബ്‌ജയിലിൽ റിമാൻഡിൽ ഇരിക്കെയാണ് രാജ്‌കുമാർ മരണപ്പെട്ടത്.
Read also: പ്രധാന മന്ത്രിയുടെ ദീപാവലി ആഘോഷം സൈനികരോടൊപ്പം