കേപ് ടൗൺ: ദക്ഷണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിന് ഇറങ്ങുന്നു. ഇന്ന് കേപ് ടൗണിലാണ് അവസാന അങ്കം. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും ഇന്ത്യ ദയനീയമായി തോറ്റതിനാല്‍ പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും ഇത് അഗ്‌നിപരീക്ഷയാണ്.
പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങളിലും വ്യക്‌തമായ മുൻതൂക്കത്തോടെയാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളും ഇന്ത്യ ഒരേ പ്ളേയിങ് ഇലവനെയാണ് പരീക്ഷിച്ചത്. എന്നാൽ മൂന്നാം ഏകദിനത്തിലും ഇന്ത്യ ഇതേ ടീമിനെത്തന്നെ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. ഒന്നില്‍ക്കൂടുതല്‍ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന.
മധ്യനിരയില്‍ മോശം ഫോം തുടരുന്ന ശ്രേയസ് അയ്യരാണ് പുറത്താവാന്‍ സാധ്യതയുള്ള ഒരാള്‍. പകരം സൂര്യകുമാര്‍ യാദവ് ടീമിലേക്ക് വന്നേക്കും. ബൗളിങ്ങിൽ കഴിഞ്ഞ രണ്ടു മൽസരങ്ങളിലും നിറം മങ്ങിയ ഭുവനേശ്വര്‍ കുമാറിന് പകരം ദീപക് ചാഹര്‍ കളിക്കുമെന്നാണ് സൂചന. മുഹമ്മദ് സിറാജിന്റെ പേരും പരിഗണനയിലുണ്ട്.
ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും ഈ മൽസരം നിർണായകമാണ്. തന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ഈ മല്‍സരമെങ്കിലും അദ്ദേഹത്തിനു വിജയിച്ചേ തീരൂ. മല്‍സരം ഇന്ത്യൻ സമയം രണ്ട് മണിക്ക് ആരംഭിക്കും.
Most Read: സംസ്‌ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനം; നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ