തിരുവനന്തപുരം: സ്‌ത്രീകളെ നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്ന ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ. സൗദി ഇന്ത്യൻ എംബസി ജീവനക്കാരൻ ബാലരാമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്‌ണയാണ് അറസ്‌റ്റിലായത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്‌റ്റ് ചെയ്‌തത്.
പ്രണവിനെതിരെ തിരുവനന്തപുരം വിമാനത്താവളത്തിൽ ലുക്ക്ഔട്ട് നോട്ടീസ് നൽകിയിരുന്നു. പ്രതി വിമാനത്താവളത്തിൽ എത്തിയതോടെ ജീവനക്കാർ തടഞ്ഞു നിർത്തി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ സൈബർ പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ 15 വർഷമായി ഇയാൾ നിരവധി സ്‌ത്രീകളെ ഫോണിൽ വിളിച്ചു ശല്യം ചെയ്‌ത് വരികയാണ്.
ഇന്റർനെറ്റ് കോൾ, വിദേശ നമ്പർ എന്നിവ ഉപയോഗിച്ചാണ് പ്രതി സ്‌ത്രീകളെ വിളിച്ചു ശല്യം ചെയ്‌തിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ തിരുവനന്തപുരം സൈബർ പോലീസിൽ പരാതി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസമായി പ്രണവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് പിടിയിലായത്.
Most Read: പാലക്കാട് കെഎസ്ഇബി ജീവനക്കാർക്ക് നേരെ അതിക്രമം; ഏഴ് പേർക്ക് പരിക്ക്