ന്യൂഡെൽഹി: ഇന്ത്യയിലെ സ്‌ഥിതി ഹൃദയം തകർക്കുന്ന വേദനക്കുമപ്പുറമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം. ഇന്ത്യൻ സമയം രാത്രി 10മണിയോടെ ജനീവയില്‍ വച്ചാണ് ഡബ്ല്യുഎച്ച്ഒ വാര്‍ത്താ സമ്മേളനം നടത്തിയത്.
ടെഡ്രോസ് അദാനം പറഞ്ഞതിലെ പ്രസക്‌ത ഭാഗങ്ങൾ; 2600 ജീവനക്കാരെ അധികമായി ഇന്ത്യയില്‍ വിന്യസിച്ചിട്ടുണ്ട്. മൊബൈൽ ഫീൽഡ് ആശുപത്രികൾ, ആയിരകണക്കിന് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, ജീവന്‍രക്ഷാ ഉപകരണങ്ങൾ ഉൾപ്പടെ സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യയിലേക്ക് എത്തിക്കും.
വാക്‌സിൻ തന്നെയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും സുരക്ഷിത മാർഗം. വസൂരി ഇന്ന് ചരിത്ര പുസ്‌തകത്തിൽ മാത്രമാണ് ഉള്ളത്. പോളിയോയും ഇല്ലായ്‌മ ചെയ്‌തുകൊണ്ടിരിക്കുന്നു. ഡിഫ്‌തീരിയ, ടെറ്റനസ്, മസ്‌തിഷ്‌കജ്വരം ഇവയൊക്കെ നാം വാക്‌സിൻ കൊണ്ട് പ്രതിരോധിച്ച ഭയാനകമായ അസുഖങ്ങളാണ്. അതുപോലെ കോവിഡിനെയും നാം പ്രതിരോധിക്കും; ടെഡ്രോസ് അദാനം വ്യക്‌തമാക്കി.
കോവിഡിന്റെ ഏറ്റവും രൂക്ഷമായ വ്യാപനത്തിൽ പ്രാണവായുപോലും ലഭിക്കാതെ രാജ്യം യാതനപർവം താണ്ടുമ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ പൂർണ ശ്രദ്ധ ഇന്ത്യയിലേക്ക് എത്തുന്നത്. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്നതും ജീവവായു ഇല്ലാതെ ആളുകൾ പിടയുന്നതും കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര മാദ്ധ്യമങ്ങളിലും വാർത്തയായിരുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ തകർന്നു പോയ ഇന്ത്യയ്‌ക്ക് സഹായങ്ങളുമായി യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ജർമനി, റഷ്യ, യുഎഇ, യുകെ, യുഎസ് തുടങ്ങി 15ഓളം രാജ്യങ്ങൾ രംഗത്തെത്തിയ സമയത്താണ് മികച്ച സഹായങ്ങളുമായി ലോകാരോഗ്യ സംഘടനയും ഇന്ത്യക്കൊപ്പം എത്തുന്നത്. ഇതിനിടയിൽ, ‘ഇന്ത്യ പ്രത്യേകം ആവശ്യങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, മികച്ച രീതിയിൽ സഹായവും പിന്തുണയും നൽകാൻ തയാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്‌താവ് വാങ് വെബിനും അറിയിച്ചിട്ടുണ്ട്.
Most Read: വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട അവസ്‌ഥ; മുന്നറിയിപ്പുമായി കേന്ദ്രം