തിരുവനന്തപുരം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി പുനഃസംഘടനയിൽ ഇന്ത്യൻ നാഷണൽ ലീഗിന് (ഐഎൻഎൽ) സ്‌ഥാനമില്ല. സി മുഹമ്മദ് ഫൈസി ചെയര്‍മാനായ ഹജ്‌ജ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലായിരുന്നു പുനഃസംഘടന. എന്നാല്‍, ഇത്തവണ ഘടക കക്ഷിയായ ഐഎന്‍എല്ലിന് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടില്ല.
പുനഃസംഘടന നടന്നപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന ഐഎന്‍എല്‍ പ്രതിനിധിയെ ഒഴിവാക്കുകയാണ് ഉണ്ടായത്. 2006 മുതല്‍ തുടര്‍ച്ചയായി ഐഎന്‍എല്ലിന് ഹജ്‌ജ് കമ്മിറ്റിയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു. നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ അരിയിഞ്ചറ ആയിരുന്നു മുന്‍ കമ്മിറ്റിയിലെ ഐഎന്‍എല്‍ പ്രതിനിധി. ഇദ്ദേഹം ഉള്‍പ്പടെ ആരെയും ഇത്തവണ പരിഗണിക്കാതെയാണ് ഹജ്‌ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ തീരുമാനം വന്നത് ഇതു സംബന്ധിച്ച വിജ്‌ഞാപനം ഉടന്‍ പുറത്തിറങ്ങും.
സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഉത്തരവായ വിവരം മന്ത്രി വി അബ്‌ദു റഹ്‌മാൻ ആണ് അറിയിച്ചത്. സംസ്‌ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടികെ ഹംസ, പി വി അബ്‌ദുൾ വഹാബ് എംപി, പിടി എ റഹീം എംഎല്‍എ, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, എ സഫര്‍ കായല്‍, പിടി അക്‌ബര്‍, പിപി മുഹമ്മദ് റാഫി, സി മുഹമ്മദ് ഫൈസി, ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി, അഡ്വ. മൊയ്‌തീന്‍ കുട്ടി, കെപി സുലൈമാന്‍ ഹാജി, കടയ്‌ക്കല്‍ അബ്‌ദുൾ അസീസ് മൗലവി, കെഎം മുഹമ്മദ് കാസിം കോയ, ഐപി അബ്‌ദുൾ സലാം, ഡോ.പിഎ സയ്യദ് മുഹമ്മദ് എന്നിവരാണ് അംഗങ്ങള്‍. എക്‌സ് ഒഫീഷ്യോ അംഗമായി മലപ്പുറം ജില്ലാ കളക്‌ടറും കമ്മിറ്റിയിലുണ്ട്.
പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും. കഴിഞ്ഞ മാസം കാലാവധി പൂര്‍ത്തിയായ കമ്മിറ്റിയുടെ ചെയര്‍മാനും എപി സുന്നി വിഭാഗത്തിന്റെ പ്രതിനിധിയുമായ സി മുഹമ്മദ് ഫൈസി തന്നെ വീണ്ടും ചെയര്‍മാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അടുത്തിടെ സംസ്‌ഥാനത്ത് ഐഎന്‍എല്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍. സംസ്‌ഥാനത്തെ ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കുന്ന നിലപാട് സ്വീകരിക്കരുത് എന്ന് നേതൃത്വം താക്കീത് നല്‍കിയിട്ടും തെരുവിൽ തമ്മിലടിക്കുന്ന നിലയിലേക്ക് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നീണ്ടത് നേതാക്കളില്‍ വലിയ അതൃപ്‌തി ഉണ്ടാക്കിയിരുന്നു.
ഐഎന്‍എല്‍ പിളര്‍ന്ന സാഹചര്യം ഉണ്ടായതും ഹജ്‌ജ് കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി പ്രതിനിധികള്‍ പുറത്ത് പോവുന്ന നിലയുണ്ടായി. ഇതിനിടെ, ഇടത് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച കെപി സുലൈമാന്‍ ഹാജി പുനഃസംഘടനയിലൂടെ കമ്മിറ്റിയില്‍ ഇടം പിടിച്ചിട്ടുണ്ട്.
Also Read: സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമാണം; ക്രമക്കേട് ആരോപണവുമായി ആരിഫ്