ഫാത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ കലാശപ്പോരാട്ടത്തിന് ഗോവ ഒരുങ്ങി. സിരകളിൽ കാൽപന്ത് കളി നിറയുന്ന കേരളത്തിന്റെ ഫുട്ബോൾ പൈതൃകവും പേറി, ഒരു ജനതയുടെ ആവേശമായി കൊമ്പൻമാർ ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ എതിരാളികൾ ചില്ലറക്കാരല്ല. ഏത് വമ്പൻമാരെയും കീഴടക്കാൻ ശേഷിയുള്ള ഹൈദരാബാദ് എഫ്സിയുടെ നൈസാമുകൾ കളത്തിൽ ഇറങ്ങുമ്പോൾ ഇന്ന് ആരാധകർക്ക് വിരുന്നൊരുങ്ങും.
ആറ് വർഷത്തെ ഇടവേളക്ക് ഫൈനൽ കളിക്കുന്ന മഞ്ഞപ്പടക്ക് ഇന്ന് ജയിച്ചാൽ ആദ്യകിരീടമെന്ന ചിരകാല സ്വപ്‌നം സാക്ഷാൽക്കരിക്കാം. നേരത്തെ രണ്ട് തവണ ഫൈനൽ വരെ എത്തിയെങ്കിലും തോറ്റു മടങ്ങാനായിരുന്നു ബ്ളാസ്‌റ്റേഴ്‌സിന്റെ യോഗം. എന്നാൽ ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ ഇറങ്ങിയ ഈ വർഷം ഫൈനലിലേക്കുള്ള യാത്ര ഏറെക്കുറെ ആധികാരികമായിരുന്നു. സെമിയിൽ ലീഗ് ജേതാക്കളായ ജംഷഡ്പൂരിനെയാണ് കേരളം മുട്ടുമടക്കിയത്.
മുന്നേറ്റത്തിലെ ലൂണ-വാസ്‌കസ്-സഹൽ ത്രയം ഫോമിലെത്തിയാൽ ഏത് ടീമും വിറക്കും. എന്നാൽ പരിക്കേറ്റ സഹൽ ഇന്ന് കളിക്കുമെന്ന കാര്യം സംശയമാണ്. ലൂണയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലവിലുണ്ടെങ്കിലും ഔദ്യോഗിക സ്‌ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
വൈകിട്ട് 7.30നാണ് മൽസരം നടക്കുക. ലീഗ്, സെമി ഫൈനൽ ഘട്ടങ്ങളിൽ ഒന്നും സ്‌റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിരുന്നില്ല. എന്നാൽ കോവിഡ് കുറഞ്ഞതോടെ ഫൈനലിനു കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. സീസൺ ഉടനീളം ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ കളിച്ച താരങ്ങൾ ആദ്യമായാണ് ആരാധകർക്ക് മുന്നിൽ കളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ ഫൈനലിന്. അതുകൊണ്ട് തന്നെ ആരാധകരും വളരെ ഏറെ പ്രതീക്ഷയിലാണ്.
Most Read: ഐഎഫ്എഫ്‍കെ മൂന്നാം ദിനം; ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും