മുംബൈ: ഐഎസ്എല്ലിലെ ഏറ്റവും വലിയ പ്രതിഫല തുകയ്‌ക്ക് യുവതാരം ലാലംഗ്‌മവിയ മുംബൈ സിറ്റി എഫ്‌സിയില്‍. അപൂയ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താരത്തെ 11 കോടി രൂപക്കാണ് മുംബൈ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനവും മുംബൈ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ കൈമാറ്റ തുകയാണിത്. എന്നാൽ പ്രതിഫല തുകയുമായി ബന്ധപ്പെട്ട കണക്കുകൾ മുംബൈ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. മുംബൈ സിറ്റി പ്രതിഫല തുകക്ക് പുറമെ രണ്ടു കോടിയോളം ട്രാൻസ്‌ഫർ തുകയായി നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനും നല്‍കിയെന്നാണ് റിപ്പോര്‍ട്.
ഇരുപതുകാരനായ താരം 2019 മുതല്‍ നോര്‍ത്ത് ഈസ്‌റ്റിനൊപ്പമാണ്. താരത്തെ പിടിച്ചു നിര്‍ത്താനുള്ള ശ്രമം ക്ളബ് നടത്തിയെങ്കിലും അപൂയ ഓഫർ നിരസിക്കുകയായിരുന്നു. നേരത്തെ ഇന്ത്യന്‍ ആരോസിനായും അപൂയ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ളയര്‍ പുരസ്‌കാരവും താരത്തിനായിരുന്നു. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലൂടെയാണ് അപൂയ വളർന്നു വന്നത്.
Read Also: ‘ഈശോ’ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുത്; ഹരജി ഹൈക്കോടതി തള്ളി