ന്യൂഡെൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയത്തിലേക്ക്. 90 സീറ്റിൽ 50 ഇടത്തും ബിജെപി ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 34 സീറ്റിലാണ് മുന്നിലുള്ളത്. സർക്കാർ രൂപീകരിക്കാൻ ബിജെപി പാളയത്തിൽ നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തിര യോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ വിളിച്ചു ചേർത്തിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്‌തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസ് രണ്ടാം മണിക്കൂറിൽ കുത്തനെ ഇടിയുകയായിരുന്നു.
ജമ്മു കശ്‌മീരിൽ നാഷണൽ കോൺഫറൻസിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നിൽ. നാഷണൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 28 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് പത്ത് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൻസി ഒമർ അബ്‌ദുല്ല മൽസരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.
അതേസമയം, ഹരിയാനയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വൈകുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഫലം പ്രസിദ്ധീകരിക്കുന്നത് വൈകുന്നതിനെതിരെ കോൺഗ്രസ് പരാതി നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
ജമ്മു കശ്‌മീരിലെ തിരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ മകളും പിഡിപി സ്‌ഥാനാർഥിയുമായ ഇൽതിജ മുഫ്‌തി. ഫലം പകുതി റൗണ്ട് പിന്നിടുമ്പോഴും ഇൽതിജ മുഫ്‌തി പിന്നിലാണ്. ജനവിധി അംഗീകരിക്കുന്നുവെന്ന് ഇൽതിജ മുഫ്‌തി സാമൂഹിമ മാദ്ധ്യമത്തിൽ പ്രതികരിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!