ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ പാർക്കിന്റെ പേരുമാറ്റി രാം ഗംഗ പാർക്ക് എന്നാക്കി മാറ്റണമെന്ന് കേന്ദ്ര വനംവകുപ്പ് മന്ത്രി അശ്വിനി കുമാർ ചൗബേ. ഒക്‌ടോബർ മൂന്നിന് അദ്ദേഹം പാർക്ക് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേരുമാറ്റമെന്ന ആശയവുമായി അദ്ദേഹം രംഗത്തെത്തിയത്. ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദിയുടെ പേരാണ് രാം ഗംഗ.
520 ചതുരശ്ര കിലോമീറ്ററോളം കുന്നുകൾ, നദീതീരങ്ങൾ, ചതുപ്പുനിലങ്ങൾ, പുൽമേടുകൾ എന്നിവയിലായി വ്യാപിച്ചു കിടക്കുന്ന ഈ സംരക്ഷിത വനപ്രദേശം ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനമാണ്. 1935ൽ സ്‌ഥാപിതമായ ഇത് ആദ്യം ഹെയ്‌ലി നാഷണൽ പാർക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1952ൽ പേരു മാറ്റി രാം ഗംഗ പാർക്ക് എന്നാക്കിയിരുന്നു.
എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം 1956ൽ പാർക്കിന്റെ പേര് ജിം കോർബറ്റ് നാഷണൽ പാർക്ക് എന്നാക്കി മാറ്റുകയായിരുന്നു. പാർക്ക് സ്‌ഥാപിക്കുന്നതിന് നിർണായക പങ്ക് വഹിക്കുകയും, കുമാവോൺ-ഗർവാൾ മേഖലകളിലെ ഗ്രാമങ്ങളിൽ ഭീതി പരത്തിയിരുന്ന നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വേട്ടയാടുകയും ചെയ്‌തിരുന്ന വ്യക്‌തിയായ ജിം കോർബറ്റിന്റെ പേര് ആദര സൂചകമായാണ് ദേശീയ ഉദ്യാനത്തിന് നൽകിയത്.
Read Also: രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്‌റ്റ്, ഡേവിഡ് മാക്‌മില്ലൻ എന്നിവർക്ക് പുരസ്‌കാരം