തിരുവനന്തപുരം: ഇന്ധന വില വർധനയ്‌ക്കെതിരായ കോൺഗ്രസ് സമരത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കാനൊരുങ്ങി പോലീസ്. ജോജുവിന്റെ പരാതിയിൽ നടപടി കടുപ്പിക്കും. നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ നേതാക്കളെ പ്രതി ചേർത്തേക്കും. നേതാക്കളുടെ അറസ്‌റ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്.
ജോജുവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന സഹപ്രവർത്തകരുടെ മൊഴിയും രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതികളായേക്കും. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനിൽ തിരക്കുള്ള സമയത്ത് തന്നെ റോഡ് ഉപരോധിച്ചതാണ് കോൺഗ്രസിനെ കേസിൽ എത്തിച്ചത്. രേഖാമൂലമുള്ള അനുമതിയോടെയല്ല സമരം നടത്തിയതെന്ന് കൊച്ചി ഡിസിപി വ്യക്‌തമാക്കിയിരുന്നു. പിന്നാലെ സമരത്തിന് മറവിൽ അക്രമവും നടന്നു.
റോഡ് ഉപരോധിച്ചതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് മുതിർന്ന നേതാക്കളടക്കം മുപ്പതോളം പ്രവർത്തകർക്കെതിരെ കേസെടുത്തത്. ജോജു ജോർജിന്റെ പരാതിയിലും കേസുണ്ട്. തന്റെ വാഹനത്തിന് കേടുപാട് വരുത്തിയെന്നും ദേഹോപദ്രവം ഏൽപിച്ചുവെന്നുമാണ് ജോജുവിന്റെ പരാതി. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപ നഷ്‌ടം വരുത്തിയെന്നാണ് എഫ്‌ഐആർ.
മാദ്ധ്യമങ്ങളിലൂടെയും മറ്റ് വഴികളിലൂടെയും ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അറസ്‌റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. എന്നാൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ഇനിയും ശക്‌തമായ സമരവുമായി മുന്നോട്ട് പോകുന്ന നിലപാടിലാണ് കോൺഗ്രസ്.
Also Read: സമരം കടുപ്പിക്കുന്നു; സർക്കാരിന് കർഷകരുടെ മുന്നറിയിപ്പ്