കേന്ദ്ര അനുമതിയില്ലാത്ത കെ-റെയിൽ അപ്രായോഗികം; സബര്‍ബന്‍ റെയില്‍ നടപ്പിലാക്കുക, ഉമ്മൻചാണ്ടി

By Desk Reporter, Malabar News
K-Rail Project _ Malabar News
Ajwa Travels

തിരുവനന്തപുരം: കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയിൽവേ പദ്ധതിയായ ‘കെ-റെയിൽ‘ന് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്‌ത സാഹചര്യത്തിൽ അത് ഉപേക്ഷിച്ച് സബര്‍ബന്‍ റെയില്‍ പദ്ധതിയിലേക്ക് ഉടനടി മടങ്ങിപ്പോകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ചെലവു കുറഞ്ഞതും പ്രായോഗികവുമായ സബര്‍ബന്‍ റെയില്‍ പദ്ധതിയുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടു പോയിരുന്നെങ്കില്‍ അത് ഇതിനോടകം പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നു. ‘കെ റെയിൽ’ പദ്ധതിച്ചെലവ് 65,000 കോടിക്കു പകരം 1.33 ലക്ഷം കോടി രൂപയാകുമെന്നും ഒരു കിലോമീറ്റർ സ്‌ഥലമെടുപ്പിന് 120 കോടി രൂപക്ക് പകരം 370 കോടി രൂപയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നീതി ആയോഗ് പദ്ധതിയുടെ രൂപരേഖക്ക് അനുമതി നിഷേധിച്ചത്; ഉമ്മൻ‌ചാണ്ടി പറഞ്ഞു.

മര്‍മപ്രധാനമായ പാരിസ്‌ഥിതിക-സാമൂഹിക ആഘാതപഠനം ഉൾപ്പടെയുള്ള കാര്യങ്ങളില്‍പ്പോലും മനസിരുത്താതെ തയാറാക്കിയ തികച്ചും അപ്രായോഗികമായ പദ്ധതിയാണിത്. റെയില്‍വെ ബോര്‍ഡ്, ധനകാര്യ മന്ത്രാലയം, പരിസ്‌ഥിതി മന്ത്രാലായം എന്നിവയുടെ അനുമതിയില്ല. സംസ്‌ഥാന റവന്യൂവകുപ്പിനെ ഒഴിവാക്കി നടത്തുന്ന സ്‌ഥലമെടുപ്പിനെതിരേ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.

2013ലാണ് യുഡിഎഫ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് സംയുക്‌ത സംരംഭം എന്ന നിലയില്‍ സബര്‍ബന്‍ റെയില്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള റെയില്‍വെ ലൈനിലെ സിഗ്‌നലുകൾ ആധുനികവൽക്കരിച്ച് നടപ്പാക്കാന്‍ കഴിയുന്നതാണ് സബര്‍ബന്‍ റെയില്‍ പദ്ധതി. ഇരട്ടപ്പാത പൂര്‍ത്തിയായ ചെങ്ങന്നൂര്‍ വരെയുള്ള 125 കിലോമീറ്ററിന് 1200 കോടിയാണ് മതിപ്പ് ചെലവ്. 600 കിലോമീറ്ററിന് മൊത്തം 12,000 കോടി രൂപ ചെലവാണ് പ്രതീക്ഷിച്ചത്. ഈ തുക കേന്ദ്രവും കേരളവും തുല്യമായി വഹിക്കണം. കേരളത്തിന്റെ മുടക്ക് പരമാവധി 6,000 കോടിയാണ്. സ്‌ഥലമെടുപ്പ് എന്ന ഏറ്റവും വലിയ വെല്ലുവിളി സബര്‍ബന്‍ റെയില്‍വേ പദ്ധതിയിലില്ല.

വിഎസ് അച്യുതാനന്ദര്‍ സര്‍ക്കാരിന്റെ കാലത്ത് 2009ല്‍ പ്രഖ്യാപിച്ച ‘കേരള ഹൈസ്‌പീഡ്‌ റെയില്‍’ പദ്ധതിയുടെ ആവശ്യം ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം കോടി രൂപയായിരുന്നു. ഈ ഭീമമായ ചെലവ് സംസ്‌ഥാനത്തിന്‌ താങ്ങാനാവാത്തതും പിന്നെ സ്‌ഥലമെടുപ്പിനെതിരേ ഉയര്‍ന്ന വ്യാപക പ്രതിഷേധവും പരിഗണിച്ചാണ് പ്രായോഗികമായ ‘സബര്‍ബന്‍ റെയില്‍’ പദ്ധതിയിലേക്ക് യുഡിഎഫ് തിരിഞ്ഞത്.

തികച്ചും അപ്രായോഗികവും നിരവധി പാരിസ്‌ഥിതിക, സാമൂഹിക ആഘാതങ്ങളും ഉണ്ടാക്കുന്ന പഴയ ഹൈസ്‌പീഡ്‌ റെയിൽ പദ്ധതിയെ പൊടിതട്ടിയെടുത്താണ് കെ-റെയിൽ എന്ന പദ്ധതി രൂപീകരിച്ചത്. ഇതിന് തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ ലൈനും തിരൂര്‍ മുതല്‍ കാസര്‍കോഡുവരെ സമാന്തരലൈനുമാണ് വേണ്ടത്. ഇതിന്റെ രൂപരേഖ ഉണ്ടാക്കാന്‍ മാത്രം 30 കോടി രൂപ ചെലവഴിച്ചു. റെയില്‍വെ പദ്ധതികള്‍ക്കായി കേരള റെയില്‍ വികസന കോര്‍പറേഷന്‍ രൂപീകരിക്കുകയും പാര്‍ട്ടിക്കാരെ കുടിയിരുത്തുകയും ചെയ്‌തു. സ്‌ഥലമെടുപ്പിനെതിരേ പലയിടത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍ പോലും പ്രതിഷേധം ഉയരുന്നുണ്ട്.

അമിതമായ സാമ്പത്തിക ബാധ്യതയും സ്‌ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് ഇനിയെങ്കിലും സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്‌ഥലമെടുപ്പ് ഇല്ലാത്തതും പ്രായോഗികവുമായ ‘സബര്‍ബന്‍ റെയിൽ’ പദ്ധതിയിലേക്കു തിരിച്ചുപോകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Note: തിരുവനന്തപുരത്ത് നിന്ന്‌ നാലു മണിക്കൂർ കൊണ്ട്‌ കാസർകോഡെത്താൻ കഴിയുന്ന പദ്ധതിയാണ് നിർദിഷ്‌ട അർധ അതിവേഗ റെയിൽപാത (സിൽവർ ലൈൻ പദ്ധതി). ഈ പദ്ധതിയുടെ മറ്റൊരു പേരാണ് കെ-റെയിൽ.

Most Read: സമരം കടുപ്പിക്കാനൊരുങ്ങി കർഷകർ; പ്രക്ഷോഭത്തിൽ പുകഞ്ഞ് രാജ്യ തലസ്‌ഥാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE