കോഴിക്കോട്: ജനവികാരത്തിന് മുൻപിൽ മുട്ടു മടക്കിയത് കൊണ്ടാണ് സിൽവർ ലൈൻ കല്ലിടൽ നിർത്തിവെക്കാൻ സർക്കാര്‍ തിരുമാനിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർ ലൈൻ യാഥാർഥ്യമാവില്ലെന്ന് സംസ്‌ഥാന സർക്കാരിന് ഉറപ്പായിരുന്നു.
ചെയ്‌തുപോയ തെറ്റുകൾക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയുകയും പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്യണം. സിൽവർ ലൈൻ വിഷയം ഉയർത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്പോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്.
സിൽവർ ലൈനിനെതിരാണ് ജനവികാരമെന്ന് വോട്ട് അഭ്യർഥിച്ച് വീടുകളിലെത്തിയ മന്ത്രിമാർക്ക് ബോധ്യമായതായും സുരേന്ദ്രൻ പറഞ്ഞു. പിടിവാശി ഒഴിവാക്കി ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി പൂർണമായും ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം. അല്ലാതെ പിണറായി കരുതും പോലെ കമ്മീഷൻ അടിക്കാനാവരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Also: സംസ്‌ഥാനത്ത് വിവിധ ജില്ലകളിലെ റെഡ് അലർട് പിൻവലിച്ചു