കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിലെ കെ റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പെനെതിരെ കേസെടുത്തു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്‌ട് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. കെ റെയിൽ അതിരടയാള കല്ല് പിഴുതതിനും കേസെടുത്തിട്ടുണ്ട്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡണ്ടിന് എതിരെയും പോലീസ് കേസെടുക്കും.
ശക്‌തമായ പ്രതിഷേധമാണ് ജിജി കെ റെയിൽ സർവേ കല്ലിനിടെ നടത്തിയത്. താൻ വിദേശത്തുപോയി ചോര നീരാക്കി നിർമിച്ച വീട് സിൽവർ ലൈനിനായി വിട്ടുകൊടുക്കില്ലെന്നാണ് ജിജി പറഞ്ഞത്. പദ്ധതി യാഥാർഥ്യമായാൽ വീടും പുരയിടവും നഷ്‌ടമാവും. താനുൾപ്പടെയുള്ള പ്രതിഷേധക്കാരെ പോലീസുകാർ ക്രൂരമായാണ് ആക്രമിച്ചത്. ലോണെടുത്ത് നിർമിച്ച കടയാണ് ഉപജീവനമാർഗമെന്നും ജിജി പറഞ്ഞിരുന്നു.
അത് നഷ്‌ടപ്പെടാൻ അനുവദിക്കില്ല. നഷ്‌ടപരിഹാരത്തുകയായി എത്ര കോടി തന്നാലും സ്വീകരിക്കില്ല. വീടിന് മുന്നിൽ കല്ലിടാൻ വന്നാൽ അത് പറിച്ചെറിയുമെന്നും സ്‌ത്രീകൾ ഉൾപ്പടെയുള്ള സമരക്കാരെ പോലീസ് അതിക്രൂരമായാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നും സമരക്കാരിലൊരാളായ ജിജി വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസമാണ് മാടപ്പള്ളിയിലെ കെ റെയിൽ വിരുദ്ധ സമരം നടന്നത്. സമരത്തിൽ പങ്കെടുത്ത സ്‌ത്രീകളെ ഉൾപ്പടെ 23 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് വിട്ടയച്ചു.
Most Read: മോസ്‌കോയുമായി അർഥവത്തായ സുരക്ഷാ ചർച്ചകൾക്കുള്ള സമയമാണിത്; സെലെൻസ്‌കി