തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി. മതസ്‌പര്‍ധ വളർത്തുന്നതിനെതിരെ കേസെടുക്കണമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആവശ്യം. ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിലാണ് സുരേന്ദ്രൻ സിപിഎമ്മിനും കോടിയേരി ബാലകൃഷ്‌ണനുമെതിരെ ആരോപണമുന്നയിച്ചത്. വർഗീയ സംഘർഷമുണ്ടാക്കാൻ വ്യാജപ്രചാരണം നടത്തുന്നുവെന്നും അഴിമതി മറച്ചുവക്കാൻ സിപിഎം വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്നും സുരേന്ദ്രൻ ലേഖനത്തിൽ ആരോപിച്ചു.
വിശുദ്ധ ഖുർആനെ മുന്നിൽവെച്ച് സ്വർണക്കടത്ത് കേസിനെ വർഗീയവത്കരിക്കാനാണ് സിപിഎം ശ്രമമെന്ന് കഴിഞ്ഞ ദിവസവും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഖുർആനെ അപമാനിച്ചതും പരിഹസിച്ചതും അതിനെ മറയാക്കി കള്ളക്കടത്തിന് കൂട്ടുനിന്നതും കെ.ടി ജലീലാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. ഖുർആൻ ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രാഷ്‌ട്രീയം കളിക്കുകയാണെന്ന കോടിയേരിയുടെ പ്രസ്‌താവനക്ക് മറുപടി പറയവെ ആയിരുന്നു സുരേന്ദ്രന്റെ ആരോപണം.
Related News: മതഗ്രന്ഥവും ഈന്തപ്പഴവും കൈപ്പറ്റി; കസ്റ്റംസ് കേസെടുത്തു, ജലീലിനെ വിളിപ്പിക്കും
‘അവഹേളനം ഖുർആനോടോ’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി സർക്കാരിനെതിരെ ഉയരുന്ന പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിച്ചിരുന്നത്. യുഎഇ കോൺസുലേറ്റുമായി റമദാൻ കാലത്ത് നടത്തിയ ഇടപാടുകൾ വഖഫ് ബോർഡ് ചുമതലയുള്ള മന്ത്രിയെന്ന നിലയിലാണ്, അത് എങ്ങനെയാണ് ക്രിമിനൽ കുറ്റമാകുന്നതെന്ന് കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ ചോദിച്ചിരുന്നു.