കാബൂൾ: ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ നിന്ന് കാബൂളിലെ ഗുരുദ്വാരയിൽ കഴിയുന്നവർ രക്ഷപെട്ടത് തലനാരിഴക്ക്. 145 സിഖുകാരും 15 ഹിന്ദു വിഭാഗക്കാരുമാണ് ഗുരുദ്വാറിൽ കഴിയുന്നത്. സ്‌ഫോടനത്തിന് തൊട്ടുമുൻപ് ഇവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇന്ത്യയിലേക്ക് തിരിക്കുന്നതിനുള്ള മാർഗം തേടിയായിരുന്നു ഇവർ എത്തിയത്. എന്നാൽ, പിന്നീട് ഗുരുദ്വാറിലേക്ക് തന്നെ തിരികെപോന്നു.
ഇവർ ഗുരുദ്വാറിൽ നിന്ന് തിരിച്ചതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. അഫ്‌ഗാൻ പൗരൻമാരും യുഎസ് സൈനികരുമടക്കം നൂറുകണക്കിന് ആളുകളാണ് മരിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. വിമാനത്താവളത്തിൽ യുഎസ്, ബ്രിട്ടീഷ് സൈനികർ നിലയുറപ്പിച്ച ആബി ഗേറ്റിലായിരുന്നു ആദ്യ സ്‌ഫോടനം. വിമാനത്താവളത്തോട് ചേർന്നുള്ള ഹോട്ടലിനു സമീപം രണ്ടാം സ്‌ഫോടനമുണ്ടായി.
ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രതികരിച്ചു. 13ഓളം യുഎസ് സൈനികരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
Also Read: ഉടൻ ശസ്‌ത്രക്രിയ നടത്തണം; ഹത്രസിൽ അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ നില ഗുരുതരം