കടലുണ്ടി: കോവിഡ് അടച്ചിടലിന്റെ നീണ്ട ഇടവേളക്ക് ശേഷം കടലുണ്ടി ഇക്കോ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. മുൻ വർഷങ്ങളിലേത് പോലെ വിദേശത്ത് നിന്നുള്ള ദേശാടനപ്പക്ഷികൾ കണക്കില്ലാതെ എത്തിയതും രണ്ടാഴ്‌ചയായി സഞ്ചാരികളുടെ വരവ് കൂടാൻ കാരണമായി. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ കഴിഞ്ഞ മാർച്ച് മുതൽ നവംബർ വരെ ഇവിടെ സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പുനരാരംഭിച്ച ശേഷവും ഇഴഞ്ഞു നീങ്ങിയ ഇക്കോ ടൂറിസം മേഖലയിലേക്ക് ഇപ്പോഴാണ് കൂടുതൽ പേരെത്തുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയായി കമ്യൂണിറ്റി റിസർവിലെത്തുന്നവർ വഞ്ചിയിൽ ചുറ്റി സഞ്ചരിച്ച് ദേശാടനപ്പക്ഷികളെ കണ്ടാണ് മടങ്ങുന്നത്.
കണ്ടൽ വനത്തിനുള്ളിലൂടെയും പുഴയിലുമുള്ള തോണിയാത്രയാണ് ഇവിടുത്തെ മുഖ്യ ആകർഷണം. പ്രധാനമായും ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ കമ്യൂണിറ്റി റിസർവിൽ ചുറ്റി സഞ്ചരിക്കാനാകൂ. തോണികളിലും താമസ കേന്ദ്രങ്ങളിലുമെല്ലാം അണുനശീകരണം കർശനമാക്കിയിട്ടുണ്ട്. എത്തുന്നവരുടെ കൃത്യമായ വിവരവും നൽകണം.
Read Also: മികവിന്റെ കേന്ദ്രമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ; ഉൽഘാടനം നാളെ