നേതാക്കൾക്കു ബി.ജെ.പി ബന്ധമെന്ന് രാഹുൽ; തെളിയിച്ചാൽ രാജിയെന്ന് ​ഗുലാം നബി ആസാദ്

By Desk Reporter, Malabar News
rahul gandhi gulam nabi azad_2020 Aug 24

ന്യൂഡൽഹി: കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തയച്ച മുതിർന്ന നേതാക്കൾക്കെതിരെ ​ഗുരുതര ആരോപണവുമായി രാഹുൽ ​ഗാന്ധി എം.പി. ബി.ജെ.പിയുമായുള്ള ബന്ധത്തിന്റെ ഫലമായാണ് കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ കത്തയച്ചത് എന്നാണ് രാഹുലിന്റെ ആരോപണം. കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിലാണ് രാഹുൽ ​ഗാന്ധി ആരോപണം ഉന്നയിച്ചത്. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വിമത ശബ്ദം ഉയർത്തിയ നേതാക്കൾ ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടുകയാണെന്ന് രാഹുൽ ആരോപിച്ചു.

എന്നാൽ, രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാക്കളായ കപിൽ സിബലും ​ഗുലാം നബി ആസാദും രം​ഗത്തെത്തി. രാഹുലിന്റെ ആരോപണം ശരിയാണെന്നു തെളിയിച്ചാൽ താൻ രാജിവക്കാൻ തയ്യാറാണെന്നു ​ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം, രാഹുലിന്റെ പ്രസ്താവനയോട് രൂക്ഷഭാഷയിലാണ് കപിൽ സിബൽ പ്രതികരിച്ചത്. “കഴിഞ്ഞ 30 വർഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങൾ ബിജെപിയുമായി സഖ്യത്തിലാണ്! ”- കപിൽ സിബൽ ട്വീറ്റ് ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം ട്വീറ്റ് നീക്കം ചെയ്തു. താൻ അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തിപരമായി അറിയിച്ചുവെന്നും അതിനാൽ താൻ ട്വീറ്റ് പിൻവലിക്കുന്നുവെന്നും കപിൽ സിബൽ പറഞ്ഞു.

പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമ​ഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് കോൺ​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്ത് നൽകിയത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എം‌പിമാർ, മുൻ കേന്ദ്രമന്ത്രിമാർ എന്നിവരടക്കം 23 കോൺ​ഗ്രസ് നേതാക്കളാണ് ആവശ്യവുമായി കത്തയച്ചത്.

നരേന്ദ്ര മോദി സർക്കാരിന് രാജ്യത്തെ യുവാക്കളുടെ വോട്ട് നിർണ്ണായകമായി എന്ന് കത്തിൽ സമ്മതിക്കുന്നുണ്ട്. പിന്തുണാ അടിത്തറ ഇല്ലാതാകുന്നതും പാർട്ടിയോടുള്ള യുവാക്കളുടെ ആത്മവിശ്വാസം നഷ്ടമാകുന്നതും ​ഗൗരവതരമായ വിഷയമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിലെ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് കത്തിലുള്ളത്. പാർട്ടിയെ മുന്നോട്ട് നയിക്കാൻ നേതാക്കളെ തെരഞ്ഞെടുക്കുന്നതിൽ പുതിയ രീതി കൊണ്ടുവരണം. മുഴുവൻ സമയവും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന ഫലപ്രദമായ നേതൃത്വം ഉണ്ടാവേണ്ടതുണ്ട്. പാർട്ടി ഭരണഘടനയനുസരിച്ച് മാത്രം വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തണം. ഇതിനെല്ലാം വേണ്ടി പുതിയ തെരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കോൺഗ്രസിന്റെ പുനരുജ്ജീവനം ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് കത്തിൽ പറയുന്നു. സ്വാതന്ത്ര്യാനന്തര രാജ്യം കടുത്ത രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ ഇടപെടൽ നിരാശാജനകമാണെന്നും കത്തിൽ വിമർശനമുണ്ട്. ജനങ്ങൾക്കിടയിലുണ്ടാകുന്ന ഭയം, അരക്ഷിതാവസ്ഥ, ബി.ജെ.പിയുടേയും സംഘപരിവാർ സംഘടനകളുടേയും വിഭജന അജണ്ട, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, മഹാമാരിയെത്തുടർന്നുണ്ടായ പ്രതിസന്ധി, അതിർത്തിയിലെ വെല്ലുവിളി, ചൈനയോടുള്ള നിലപാട്, വിദേശ നയത്തിലെ മാറ്റങ്ങൾ തുടങ്ങിയവയും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE