കർണാടക കന്നുകാലി കശാപ്പ് നിരോധന ബിൽ; ഓർഡിനന്‍സിറക്കി നടപ്പാക്കുമെന്ന് ബിഎസ് യെദ്യൂരപ്പ

By Desk Reporter, Malabar News
BS Yediyurappa says he will not resign
ബിഎസ് യെദിയൂരപ്പ
Ajwa Travels

ബംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബിൽ നിയമനിർമാണ കൗണ്‍സിലിൽ പാസാക്കാൻ കോൺഗ്രസ് അനുവദിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് ഓർഡിനന്‍സിറക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ.

വിവാദമായ ‘കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ല്’ നിയമമാകണമെങ്കിൽ നിയമ നിർമാണ കൗൺസിലിന്റെ ഭൂരിപക്ഷം ബിൽ അംഗീകരിച്ച് ഒപ്പുവെക്കണം. എന്നാൽ ഇവിടെ ബിജെപിക്ക് ഭൂരിപക്ഷമില്ല. 75 അംഗ കൗൺസിലില്‍ 31 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 28 അംഗങ്ങളുള്ള കോൺഗ്രസ്, 14 അംഗങ്ങളുള്ള ജെഡിഎസും ഉൾപ്പടെയുള്ള 42 കൗണ്‍സിൽ അംഗങ്ങൾ ബില്ലിനെ എതിർക്കുന്നവരാണ്. രണ്ടുപേർ സ്വാതന്ത്രരുമാണ്.

അത് കൊണ്ടുതന്നെ ഇന്ന് ഈ ബിൽ ‘വളഞ്ഞവഴിക്ക്’ നിയമ നിര്‍മാണ കൗണ്‍സിലിൽ കൊണ്ടുവന്ന് പാസാക്കാനുള്ള പലശ്രമങ്ങളിൽ ഒരുശ്രമം ഇന്നും കയ്യാങ്കളിയിൽ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പുതിയ പ്രഖ്യാപനം.

കന്നുകാലി കശാപ്പ് ബില്ലിനെ എതിർക്കുന്ന പുരോഗമനവാദിയാണ് ‘നിയമ നിർമാണ’ കൗൺസിലിലെ സ്‌പീക്കർ പ്രതാപചന്ദ്ര ഷെട്ടി. ഇദ്ദേഹം ഇന്ന് സഭയിലില്ലാത്തത് മനസിലാക്കിയ ബിജെപി അംഗങ്ങൾ ‘അത്യവശ്യ പരിഗണനാ വിഷയമായി’ സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയംകൊണ്ടുവന്നു. പ്രതാപ ചന്ദ്ര ഷെട്ടിയുടെ അസാന്നിധ്യത്തില്‍ ഡെപ്യൂട്ടി സ്‌പീക്കർ ധര്‍മഗൗഡയാണ് ഇന്ന് സഭ നിയന്ത്രിച്ചിരുന്നത്. ഇദ്ദേഹം ബില്ലിന് അനുകൂല നിലപാടുമായി നിലകൊള്ളുന്ന വ്യക്‌തിയാണ്‌.

ബിജെപിയുടെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്‌പീക്കർ ചർച്ചക്കെടുത്തു. ഇതോടെ നാടകീയ രംഗങ്ങൾ ആരംഭിക്കുകയും ചെയ്‌തു. പ്രമേയം മാറ്റിവെക്കാനും സ്‌പീക്കർ പ്രതാപചന്ദ്ര ഷെട്ടിയുടെ സാന്നിധ്യത്തില്‍ ഇത് ചർച്ചക്കെടുത്താൽ മതിയെന്നും കോൺഗ്രസ് അംഗങ്ങൾ ധർമഗൗഡയോട് അഭ്യർഥിച്ചെങ്കിലും അദ്ദേഹം അത് മുഖവിലക്ക് എടുക്കാതെ ചർച്ചയുമായി മുന്നോട്ടുപോയി. ഇതോടെ കോൺഗ്രസ് അംഗങ്ങൾ ഡെപ്യൂട്ടി സ്‌പീക്കറെ കൈയേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി.

നാടകീയ സംഭവങ്ങളറിഞ്ഞ സ്‌പീക്കർ പ്രതാപചന്ദ്ര ഷെട്ടി വേഗം സഭയിലെത്തിയെങ്കിലും ബിജെപി അംഗങ്ങൾ ഇദ്ദേഹത്തെ തടഞ്ഞുവച്ചു. എന്നാല്‍, വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ സഭയിലെത്തിയ സ്‌പീക്കർ അനിശ്‌ചിത കാലത്തേക്ക് കൗണ്‍സില്‍ പിരിച്ചുവിടുകയാണ് ചെയ്‌തത്‌.

മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിയന്ത്രിക്കുന്ന നിയമസഭ ബില്‍ പാസാക്കിയിരുന്നു. പക്ഷെ ഇത് വരെ ബില്‍ നിയമമാക്കി പാസാക്കാൻ സാധിച്ചിട്ടില്ല. നിയമ നിര്‍മാണ കൗണ്‍സിലിന്റെ ഭൂരിപക്ഷം ബില്ലിനെ അംഗീകരിച്ച് ഒപ്പുവച്ചാൽ മാത്രമേ അത് സാധ്യമാകു. അത് നടക്കാനുള്ള സാധ്യത മങ്ങിയതുകൊണ്ടാണ് ‘ബില്‍ നിയമ നിര്‍മാണ കൗണ്‍സിലില്‍ പാസായിട്ടില്ലെങ്കില്‍ ഓർഡിനന്‍സിറക്കി നടപ്പാക്കുമെന്ന്’ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വ്യക്‌തമാക്കിയത്.

Most Read: ഇന്ത്യയില്‍ ഒരു കോവിഡ് വാക്‌സിനുകൂടി പരീക്ഷണാനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE