തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് മൂന്നാം സ്ട്രീമിലേക്ക് വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് അധ്യാപകരിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ പിഎസ്‌സി തീരുമാനം. ഡിസംബർ 15 വരെ അപേക്ഷിക്കാം. ഇതുസംബന്ധിച്ച കൂട്ടിച്ചേർക്കൽ വിജ്‌ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
അപേക്ഷകന്റെ വയസ്, യോഗ്യത എന്നിവ 2019 നവംബർ ഒന്നിൽ പുറത്തിറക്കിയ ആദ്യ വിജ്‌ഞാപനത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും. പുതുതായി അപേക്ഷിക്കുന്ന അധ്യാപകർക്ക് മാത്രമായി ഡിസംബർ 29ന് പ്രാഥമിക പരീക്ഷ നടത്തും.
നേരത്തെ സ്ട്രീം രണ്ടിലേക്ക് പ്രാഥമിക പരീക്ഷ എഴുതിയ ഗസറ്റഡ് അധ്യാപകർ ഈ പരീക്ഷ എഴുതേണ്ടതില്ല. ഇവരെ സ്ട്രീം രണ്ടിൽ നിന്നും മൂന്നിലേക്ക് മാറ്റും. 29ലെ പ്രാഥമിക പരീക്ഷകളിലെ വിജയികളെ കൂടി ഉൾപ്പെടുത്തി ജനുവരി 15, 16 തീയതികളിൽ മൂന്നാം സ്ട്രീമിലേക്ക് മുഖ്യപരീക്ഷ നടത്താനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്.
മൂന്നാം സ്ട്രീമിലേക്ക് ഗസറ്റഡ് റാങ്കിലുള്ള പ്ളസ് ടു അധ്യാപകരെ പരിഗണിക്കേണ്ടെന്നായിരുന്നു ആദ്യം സർക്കാർ നിലപാട്. ഇവർക്ക് ഭരണപരിചയം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. പകരം ജൂനിയർ അധ്യാപകരെ സ്ട്രീം രണ്ടിലും ഉൾപ്പെടുത്തി. സർക്കാരിന്റെ തീരുമാനത്തിനെതിരെ അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചെങ്കിലും ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സുപ്രീംകോടതിയും അംഗീകരിച്ചതോടെയാണ് സ്ട്രീം മൂന്നിലേക്ക് വീണ്ടും പരീക്ഷ നടത്തുന്നത്.
Read also: സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയെന്ന് ഇഡി