തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന വാദമുന്നയിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രാഥമിക പരിശോധനയിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്‌ഥർ ഉടൻ തന്നെ ഈ റിപ്പോർട്ട് കൊച്ചി യൂണിറ്റിന് കൈമാറുമെന്നാണ് കരുതുന്നത്.
രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് ആരോപണം ഉയർന്ന വടകര ഓർക്കാട്ടേരി, തലശേരി, കണ്ണൂർ എന്നീ സ്‌ഥലങ്ങളിലെ 24 സ്‌ഥാപനങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ഇതിൽ 12 സ്‌ഥാപനങ്ങളിൽ രവീന്ദ്രനോ, അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ ഓഹരിയുണ്ടെന്നാണ് നിഗമനം. ഇലക്‌ട്രോണിക്‌സ് സ്‌ഥാപനം, മൊബൈൽ കട, സൂപ്പർ മാർക്കറ്റ്, ടൂറിസ്‌റ്റ് ഹോം, വസ്‌ത്രവിൽപ്പന തുടങ്ങിയ ഇടങ്ങളിലാണ് പങ്കാളിത്തം കണ്ടെത്താനായത്. രവീന്ദ്രനെ ചോദ്യം ചെയ്‌ത ശേഷമായിരിക്കും ഇതിന്റെ രേഖകളും കൂടുതൽ പരിശോധനകളും നടക്കുക.
ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് അയക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിന് മുൻപ് ഇടപാടുകളിൽ വിവരങ്ങൾ ശേഖരിക്കുകയാണ് ഇഡി ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ഊരാളുങ്കൽ സർവീസ് സൊസൈറ്റിയിൽ നിന്നും വിവരങ്ങൾ തേടിയത്.
Read also: കെഎസ്എഫ്ഇ അന്വേഷണം; ഇഡിയെ ഇറക്കി കളംപിടിക്കാൻ ബിജെപി ശ്രമം ആരംഭിച്ചു