തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നടപടികളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹനവകുപ്പ്. ലൈസൻസ് ലഭിക്കുന്നതിനായി പുതിയൊരു പരീക്ഷ കൂടി ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.
ഡ്രൈവിങ്ങിനിടെ റോഡിൽ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്ന ഹസാഡ് പെർഷെപ്ഷൻ പരിശീലനമാണ് പുതിയതായി ഏർപ്പെടുത്തുന്നത്. ഈ ഡിസംബർ ഒന്ന് മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.
രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഈ ടെസ്റ്റ് കൂടി പരീക്ഷയുടെ ഭാഗമാകുന്നത്. 100 മാർക്കിന്റേതാണ് ടെസ്റ്റ്. ലേണേഴ്സ് ലഭിച്ച് 30 ദിവസത്തിന് ശേഷമാണ് ഹസാഡ് പെർഷെപ്ഷൻ പരീക്ഷ കമ്പ്യൂട്ടർ മുഖേന നടത്തുക. ഇതിൽ റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള ശേഷിയാണ് വിലയിരുത്തുക.
ഡിസംബർ ഒന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റ് നാല് ഘട്ടങ്ങളിലായിരിക്കും നടക്കുക. ലേണേഴ്സ് ടെസ്റ്റ്, ഹസാഡ് പെർഷെപ്ഷൻ ടെസ്റ്റ്. ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയായിരിക്കും ഇത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ളിപ്പുകൾ അടങ്ങുന്നതാണ് ഹസാഡ് പെർഷെപ്ഷൻ ടെസ്റ്റ്. ഓരോന്നിനും 10 മാർക്ക് വീതമാണുള്ളത്.
കമ്പ്യൂട്ടർ സ്ക്രീനിൽ കാണിക്കുന്ന വീഡിയോ ക്ളിപ്പുകൾ കണ്ട് കൃത്യസമയത്ത് അപകടം തിരിച്ചറിഞ്ഞ് മൗസ് ക്ളിക്ക് ചെയ്യുകയാണ് പരീക്ഷാരീതി. റോഡിലെ രണ്ട് തടസങ്ങളാണ് ഓരോ ക്ളിപ്പിലും ഉണ്ടാവുക. പരീക്ഷാർഥി ഈ ക്ളിപ്പുകൾ കണ്ട് സമയബന്ധിതമായി ക്ളിക്ക് ചെയ്ത് പ്രതികരിക്കണം. കൃത്യസമയത്ത് പ്രതികരിച്ചാൽ 10 മാർക്ക് ലഭിക്കും. വൈകിയാണ് പ്രതികരിക്കുന്നതെങ്കിൽ മാർക്ക് കുറയുകയും ചെയ്യും. കുറഞ്ഞത് 60 മാർക്കെങ്കിലും നേടിയാൽ മാത്രമേ ടെസ്റ്റ് പാസാക്കാൻ കഴിയൂ.
അംഗീകൃത ഡ്രൈവിങ് സ്കൂളുകൾ അടുത്ത മൂന്നുമാസത്തിനകം അപേക്ഷകർക്ക് ഹസാഡ് പെർഷെപ്ഷൻ പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ലൈസൻസ് നൽകുന്നതിലെ ഗുണനിലവാര അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുമാണ് മോട്ടോർ വാഹനവകുപ്പിന്റെ പുതിയ തീരുമാനം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































