കനത്ത മഴ തുടരുന്നു; നാളെ പത്ത് ജില്ലകളിലും രണ്ട് താലൂക്കുകളിലും അവധി

പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും നാളെ അവധിയാണ്.

By Senior Reporter, Malabar News
heavy rain alert
Rep. Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. മിക്ക ജില്ലകളിലും അതിശക്‌തമായ മഴയാണ് പെയ്യുന്നത്. മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം.

മഴ ശക്‌തമായി തുടരുന്നതിനാൽ നാളെ പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധിയാണ്.

ജില്ലകളിൽ നേരത്തെ നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കാലാവസ്‌ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം, നാളെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്. ഇവിടെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

സംസ്‌ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും സർക്കാർ നിരന്തരം ആശയവിനിമയം തുടരുകയാണ്. ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

രാഷ്‌ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണം. ഇതിനാവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എട്ട് മരണങ്ങൾ സ്‌ഥിരീകരിച്ചിട്ടുണ്ട്. എട്ടുപേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധിയും നഷ്‌ടപ്പെട്ടവർക്കും സർക്കാർ ആവശ്യമായ സഹായം ഉറപ്പാക്കും. മലയോര മേഖലകളിൽ ജാഗ്രത തുടരേണ്ടതുണ്ട്. ഏത് സാഹചര്യവും നേരിടാൻ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ നടത്തിയിട്ടുണ്ട്. ആവശ്യമായ ഏത് സഹായത്തിനും പൊതുജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Most Read| അവർ അഭ്യർഥിച്ചു, ആക്രമണങ്ങൾ റദ്ദാക്കി; കരാറിൽ വൈകാതെ എത്തുമെന്ന് ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE