ഡെൽഹി: കേരളത്തെ ടൂറിസ്‌റ്റ് സംസ്‌ഥാനമാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആഭ്യന്തര ടൂറിസത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ചക്കായി ഡെൽഹിയിൽ എത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതുമരാമത്ത് വികസന പ്രവര്‍ത്തനങ്ങളോട് അനുഭാവപൂര്‍വമായ സമീപനമാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി ഇതുവരെ സ്വീകരിച്ചതെന്ന് പറഞ്ഞ മന്ത്രി വിവിധ വികസന പദ്ധതികളുടെ രൂപരേഖ ഗഡ്‌കരിക്ക് സമര്‍പ്പിക്കുമെന്നും അറിയിച്ചു.
അതേസമയം മഴക്കെടുതിയില്‍ പാളങ്ങള്‍ ഉള്‍പ്പടെ 200 കോടിയോളം രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്നും ദേശീയപാതാ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച നടത്തുമെന്നും റിയാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്‌ഥാനത്തെ റസ്‌റ്റ് ഹൗസുകളിൽ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. റസ്‌റ്റ് ഹൗസുകളിലെ താമസ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അഥിതികള്‍ക്ക് ഏറ്റവും മികച്ച സൗകര്യം നല്‍കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്നും നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുമെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു.
Most Read: വ്യക്‌തി അധിക്ഷേപം; കെ മുരളീധരനെതിരെ പരാതി നൽകി മേയര്‍ ആര്യാ രാജേന്ദ്രന്‍