ഖലിസ്‌ഥാൻ ഭീകരർ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി; കേന്ദ്രം സുപ്രീം കോടതിയിൽ

By Desk Reporter, Malabar News
Farmers-Protest
Ajwa Travels

ന്യൂഡെൽഹി: കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഖലിസ്‌ഥാൻ ഭീകരരും നുഴഞ്ഞു കയറിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ‘ഖലിസ്‌ഥാൻ’ ആരോപണം ഉന്നയിച്ചത്.

അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ആണ് സുപ്രീം കോടതിയിൽ ഇക്കാര്യം പറഞ്ഞത്. അങ്ങനെയെങ്കിൽ വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇന്റലിജൻസ് ബ്യൂറോയിൽ (ഐബി) നിന്നുള്ള വിവരങ്ങൾക്കൊപ്പം നാളെയോടെ സത്യവാങ്മൂലം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങളെ പിന്തുണച്ച് ഹരജി നൽകിയ കർഷക സംഘടനയാണ് ഖലിസ്‌ഥാൻ പരാമർശം കോടതിയിൽ നടത്തിയത്. പ്രതിഷേധങ്ങൾക്കിടയിൽ ഖാലിസ്‌ഥാന്റെ പതാകകൾ ഉണ്ടായിരുന്നതായി സംഘടനക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. ഇതേത്തുടർന്ന് ആരോപണം ശരിയാണോയെന്ന് കോടതി എജിയോട് ചോദിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം എജി സ്‌ഥിരീകരിക്കുകയും ചെയ്‌തു.

നിരോധിത സംഘടനയുടെ നുഴഞ്ഞുകയറ്റം ഉണ്ടെങ്കിൽ, ആരെങ്കിലും ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അത് സ്‌ഥിരീകരിക്കണം. നാളെ നിങ്ങൾ സത്യവാങ്മൂലം സമർപ്പിക്കണം,– ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു. ഇതിന് മറുപടിയായാണ് ഐബി റിപ്പോർട് സഹിതം സത്യവാങ്മൂലം സമർപ്പിക്കാമെന്ന് അറ്റോർണി ജനറൽ പറഞ്ഞത്.

കർഷക പ്രതിഷേധത്തിന്റെ ആരംഭം മുതൽ തന്നെ നിരവധി ബിജെപി നേതാക്കളും മന്ത്രിമാരും ഖലിസ്‌ഥാൻ ആണ് ഇതിന് പിന്നിലെന്ന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഖലിസ്‌ഥാൻ പ്രസ്‌ഥാനം

1980കളിൽ പഞ്ചാബിൽ വൻ സ്വാധീനമായി വളർന്ന പ്രസ്‌ഥാനമാണിത്. ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന തീവ്ര സിഖ് മത പ്രഭാഷകനാണ് ഖലിസ്‌ഥാൻ പ്രസ്‌ഥാനം സ്‌ഥാപിച്ചത്. സനാതന സിഖ് മൂല്യങ്ങളിൽ അടിയുറച്ച് നിലനിൽക്കുന്ന ഒരു സമ്പ്രദായം പ്രചരിപ്പിക്കുകയും അത് നിത്യജീവിതത്തിന്റെ ഭാഗമാക്കി ഒരു പ്രത്യേക ‘രാഷ്‌ട്രം’ സ്‌ഥാപിക്കാനുള്ള യജ്‌ഞവുമായാണ് ഖലിസ്‌ഥാൻ പ്രസ്‌ഥാനം രൂപീകരിച്ചത്.

ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ), ഖലിസ്‌ഥാൻ സിന്ദാബാദ് ഫോഴ്‌സ് (കെഎസ്എഫ്) എന്നിവയും ഖലിസ്‌ഥാൻ അനുകൂല സംഘടനകളാണ്. ഖലിസ്‌ഥാൻ പ്രസ്‌ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ 5,6 തീയതികളിൽ ഇന്ത്യൻ സൈന്യം സുവർണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ളൂസ്‌റ്റാർ.

ഈ സൈനിക നടപടിയിൽ സുവർണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിൽ പെട്ട് ക്ഷേത്രത്തിലേക്ക് തീർഥാടകരായി എത്തിയ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. ഖലിസ്‌ഥാൻ സ്‌ഥാപകൻ ജർണയിൽ സിംഗ് ഭിന്ദ്രൻവാല ഉൾപ്പടെ അനേകം ഖലിസ്‌ഥാൻ തീവ്രവാദികളും ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു. നിലവിൽ ഖലിസ്‌ഥാൻ പ്രസ്‌ഥാനം പൂർണമായും തുടച്ചുനീക്കപ്പെട്ടു എന്നാണ് ഔദ്യോഗിക ഭാഷ്യം.

Kerala News:  എറണാകുളത്ത് ഷിഗെല്ലയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്; ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE