കൊച്ചി: എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും ക്രൈം ബ്രാഞ്ചിന്റെ കസ്‌റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്‌റ്റഡി അനുവദിച്ചത്. പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി വയനാട് തുടങ്ങിയ സ്‌ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് അന്വേഷണ സ൦ഘ൦ ആവശ്യപ്പെടുകയായിരുന്നു.
എറണാകുളം ജില്ല സെഷൻസ് കോടതിയാണ് കസ്‌റ്റഡി അനുവദിച്ചത്. കാക്കനാട്ടെ സ്വകാര്യ ടൂറിസ്‌റ്റ് ഹോമിൽ നിന്നാണ് എക്‌സൈസ്, കസ്‌റ്റംസ് സംയുക്‌ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്‌ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്‌ഡിലും ഒരു കിലോയിലേറെ എംഡിഎഎയും കണ്ടെത്തിയിരുന്നു.
പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി. മൂന്ന് തവണ ഇതിനായി ചെന്നൈയിൽ പോയി വന്നിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. മുൻപ് എത്തിച്ചവയെല്ലാം കൊച്ചിയിലും പരിസരങ്ങളിലും ഇടനിലക്കാർ വഴി വിറ്റഴിച്ചുവെന്ന വിവരവും പുറത്ത് വന്നിരുന്നു.
അതേസമയം കേസിൽ പ്രതികളുടെ പേരിൽ എഫ്ഐറിൽ ഉൾപ്പെടുത്തിയത് 86 ഗ്രാം മാത്രമാണ് എന്നതിനെച്ചൊല്ലി ആക്ഷേപം ഉയർന്നിരുന്നു. ബാക്കി ഒരു കിലോയിലധികം എംഡിഎംഎ ഉടമസ്‌ഥരില്ലാതെയാണ് കണ്ടെത്തിയതെന്നാണ് എക്‌സൈസിന്റെ മഹസർ റിപ്പോർട്ടിലും എഫ് ഐആറിലുമുള്ളത്. കേസിൽ പിടിയിലായ ഒരു യുവതിയെ ചോദ്യം ചെയ്യാതെ വിട്ടയച്ചതിലും പരാതി ഉയർന്നിരുന്നു.
Read Also: യുഎഇയിൽ അഫ്‌ഗാനില്‍ നിന്നുള്ള ആദ്യ സംഘമെത്തി