കോടിയേരിയുടെ മൃതദേഹമെത്തി; വിലാപയാത്രയെ അനുഗമിക്കുന്നത് ആയിരങ്ങൾ

By Central Desk, Malabar News
Kodiyeri's body arrived

കണ്ണൂർ: ധീരതയുടെ അടിത്തറയിൽ കെട്ടിയ സൗമ്യശോഭയുമായി കേരള രാഷ്‌ട്രീയത്തിൽ 5 ദശാബ്‌ദം നിറഞ്ഞുനിന്ന സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുൻ സംസ്‌ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി നാലകൃഷ്‌ണന്റെ മൃതദേഹം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിച്ചു.

കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ആത്‌മ സുഹൃത്തും വഴികാട്ടിയുമായ സംസ്‌ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്തിയിട്ടുണ്ട്. പാൻക്രിയാസിൽ അര്‍ബുദ രോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിൽസ തുടരുന്നതിന് ഇടയിലാണ് ഇദ്ദേഹം ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ മരണത്തിന് കീഴടങ്ങിയത്.

കണ്ണൂർ വിമനതാവളത്തിൽ നിന്ന് തലശേരിയിലേക്കുള്ള വിലാപയാത്രയിൽ കോടിയേരിയുടെ മ‍ൃതദേഹത്തെ അനുഗമിക്കുന്നത് ആയിരകണക്കിന് വാഹനങ്ങളും ഇരുപതിനായിരത്തോളം പ്രവർത്തകരുമാണ്. എംവി ജയരാജന്റെ നേതൃത്വത്തിലാണ് വിലാപ യാത്ര നിയന്ത്രിക്കപ്പെടുക.

മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത് വിമാനത്താവളത്തിൽ എത്തിച്ച ആധുനിക ആംബുലൻസിലാണ്. ഇതിനെ അനുഗമിക്കുന്ന പതിനായിരങ്ങൾക്കൊപ്പം 100 കണക്കിന് റെഡ് വൊളന്റിയർമാരും വിലാപയാത്രയെ അനുഗമിക്കും.

വിമനതാവളത്തിൽ നിന്ന് തലശേരിയിലേക്കുള്ള യാത്രയിൽ 14 ഇടങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ശേഷം രാത്രിയോടെ തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വെക്കുന്ന ഭൗതിക ശരീരം തിങ്കളാഴ്‌ച രാവിലെ 10ഓടെ കോടിയേരിയിലെ വീട്ടിൽ എത്തിക്കും.

kodiyeri and pinarayi
Image courtesy: Prasoon kiran (NIE)

ഓഗസ്‌റ്റ് 29നാണ് ഇദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. ഇന്നലത്തെ റിപ്പോർട് അനുസരിച്ച്, മൃതദേഹം രാവിലെ 11ന് കണ്ണൂരിലെത്തുമെന്നും 2മണിയോടെ മൃതദേഹം തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നുമായിരുന്നു തീരുമാനം. എന്നാൽ എയർ മാർഗമുള്ള സാങ്കേതിക തടസങ്ങളാണ്‌ സമയം വൈകിപ്പിച്ചത്.

തലശ്ശേരിക്കു സമീപം കോടിയേരിയിൽ മൊട്ടേമ്മൽ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണിയുടെയും മകനായി 1953 നവംബർ 16ന് ജനിച്ച കോടിയേരി ബാലകൃഷ്‌ണൻ 18 വയസാകും മുൻപേ പാർട്ടിയുടെ ബ്രാഞ്ച് അംഗമായ വ്യക്‌തിയാണ്‌. 20 ആം വയസിൽ എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയുമായി. പിന്നീടങ്ങോട്ട് കേരള രാഷ്‌ട്രീയത്തിലെ ധീരസൗമി ശബ്‍ദമായി നിലനിന്ന ഇദ്ദേഹം 1975ൽ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥ കാലത്ത് ഒന്നര വർഷം ജയിൽവാസം അനുഭവിച്ചു.

kodiyeri with full family
കോടിയേരി തന്റെ കുടുംബത്തിനൊപ്പം

പിന്നീടുള്ള രാഷ്‌ട്രീയ വളർച്ചയിൽ സംസ്‌ഥാന കമ്മിറ്റിയിലേക്കും സെക്രട്ടറിയേറ്റിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യുറോയിലേക്കും മൂന്ന് തവണ സിപിഎം സംസ്‌ഥാന സെക്രട്ടറി പദത്തിലേക്കുമാണ് എത്തിയത്. തലശേരിയില്‍ നിന്ന് 1982ലും 1987ലും 2001ലും 2006ലും 2011ലുമായി അഞ്ചു തവണ നിയമസഭാംഗമായി. 2006 മുതല്‍ 2011 വരെ ആഭ്യന്തരമന്ത്രിയായും കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തിച്ചു.

Most Read: ഇമ്മ്യുണോ ഗ്‌ളോബുലിന്‍ നിലവാരമുള്ളതെന്ന് കേന്ദ്രലാബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE