വിട പ്രിയ സഖാവേ; ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യം സ്വീകരിച്ച് കോടിയേരി മടങ്ങി

By Central Desk, Malabar News
Kodiyeri Balakrishnan cremated

കണ്ണൂർ: തലശേരിയുടെ പ്രിയപുത്രനും കേരളത്തിലെ ഇടത് നായകരിലെ അജയ്യനുമായ കോടിയേരി ബാലകൃഷ്‌ണൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. പതിനായിരത്തോളം വരുന്ന പാർട്ടി അണികളുടെയും പൊതുജനങ്ങളുടെയും കണ്ണീരും വിതുമ്പലും നിറഞ്ഞ ലാൽസലാം വിളികൾകൊണ്ട് ശബ്‌ദമുഖരിതമായ പയ്യാമ്പലം ബീച്ചിൽ നിന്നാണ് കോടിയേരി ബാലകൃഷ്‌ണൻ മടങ്ങിയത്.

kodiyeri balakrishnan crematedസിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിലെ പൊതുദർശന ശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. സംസ്‌കാര ചടങ്ങുകൾക്കായി സ്‌മൃതി മണ്ഡപം ഒരുക്കിയ പയ്യാമ്പലം ബീച്ചിലേക്കുള്ള രണ്ടര കിലോമീറ്റർ വിലാപയാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എംഎ ബേബി, ശ്രീമതി ടീച്ചർ, എ വിജയരാഘവൻ, എം വിജയരാജൻ തുടങ്ങിയ നേതാക്കൾ കാൽനടയായി അനുഗമിച്ചു.

ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്‌ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. ഇകെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്‌മൃതി കുടീരങ്ങൾക്കു നടുവിലാണ് കോടിയേരിക്കും അന്ത്യവിശ്രമം. അഴീക്കോടൻ രാഘവന്റെ രക്‌തസാക്ഷി കുടീരവും എകെ ജിയുടേയും സുകുമാർ അഴീക്കോടിന്റേയും എൻസി ശേഖറിന്റേയും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള ഉൾപ്പെടെയുള്ള പ്രമുഖരുടെയും സ്‌മൃതികുടീരങ്ങൾ സമീപത്തുണ്ട്‌.

മുഖ്യമന്ത്രി പിണറായി വിജയൻ, കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എസ് രാമചന്ദ്രൻപിള്ള, എംഎ ബേബി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, എംഎ യൂസഫലി, സംവിധായകൻ രഞ്ജിത്ത്, നടനും എംഎൽഎയുമായ മുകേഷ് തുടങ്ങി 100 കണക്കിന് ദേശീയ-സംസ്‌ഥാന നേതാക്കളും സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര പ്രവർത്തകരും അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു.

kodiyeri balakrishnan cremated
ചിതയിലെരിയുന്ന ചെന്താരകം

കഴിഞ്ഞ മൂന്നു വർഷമായി അര്‍ബുദ ചികിൽസ തുടർന്നിരുന്ന ഇദ്ദേഹത്തെ ഓഗസ്‌റ്റ് 29നാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചത്. അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ തുടരവേയാണ് ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ കോടിയേരി അന്തരിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

kodiyeri balakrishnan cremated

ഞായറാഴ്‌ച രാവിലെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനതാവളത്തിൽനിന്നു കണ്ണൂരിലെത്തിച്ച മൃതദേഹം തലശേരി ടൗൺ ഹാളിലേത് ഉൾപ്പടെ വിവിധയിടങ്ങളിലെ അന്ത്യാഞ്‌ജലി സ്വീകരിച്ച്  ഇന്നലെ രാത്രി 10നുശേഷമാണ് കോടിയേരിയിലെ വസതിയിലെത്തിച്ചത്. ഇന്നു 12മണിയോടെ വീട്ടിൽ നിന്ന് വിലാപയാത്രയായി ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചു.

Kodiyeri Balakrishnan cremated

കണ്ണൂർ വിമാനതാവളത്തിൽ ‍സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിലാണ് ആയിരകണക്കിന് പാർട്ടിഅണികൾ കോടിയേരിയുടെ മ‍ൃതദേഹം ഏറ്റുവാങ്ങിയത്. രണ്ടു ദിവസങ്ങളിലായി 14 ഇടങ്ങളിൽ അണികൾക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നു.

ഇന്ന് രാവിലെ 11 മുതലാണ് അഴീക്കോടൻ മന്ദിരത്തിലെ പൊതുദർശനം ഉദ്ദേശിച്ചിരുന്നെങ്കിലും വഴിനീളെ ഒരുനോക്കു കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും കാത്തുനിന്ന ജനസാഗരം കാരണം മുക്കാൽ മണിക്കൂറോളം വൈകിയാണ് ഇവിടെ പൊതുദർശനം ആരംഭിച്ചത്.

kodiyeri balakrishnan cremated

തലശ്ശേരിക്കു സമീപം കോടിയേരിയിൽ മൊട്ടേമ്മൽ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണിയുടെയും മകനായി 1953 നവംബർ 16ന് ജനിച്ച കോടിയേരി ബാലകൃഷ്‌ണൻ 18 വയസാകും മുൻപേ പാർട്ടിയുടെ ബ്രാഞ്ച് അംഗമായ വ്യക്‌തിയാണ്‌. 20 ആം വയസിൽ എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയുമായി. പിന്നീടങ്ങോട്ട് കേരള രാഷ്‌ട്രീയത്തിലെ ധീരസൗമി ശബ്‍ദമായി നിലനിന്ന ഇദ്ദേഹം 1975ൽ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥ കാലത്ത് ഒന്നര വർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

kodiyeri balakrishnan cremated

പിന്നീടുള്ള രാഷ്‌ട്രീയ വളർച്ചയിൽ സംസ്‌ഥാന കമ്മിറ്റിയിലേക്കും സെക്രട്ടറിയേറ്റിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യുറോയിലേക്കും മൂന്ന് തവണ സിപിഎം സംസ്‌ഥാന സെക്രട്ടറി പദത്തിലേക്കുമാണ് എത്തിയത്. തലശേരിയില്‍ നിന്ന് 1982ലും 1987ലും 2001ലും 2006ലും 2011ലുമായി അഞ്ചു തവണ നിയമസഭാംഗമായി. 2006 മുതല്‍ 2011 വരെ ആഭ്യന്തരമന്ത്രിയായും കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തിച്ചു.

Most Read: ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE