പൊന്നാനി: അഗ്നിശമന വാഹനങ്ങളിൽ വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന, 52 വർഷം പഴക്കമുള്ള പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജലസംഭരണിക്ക് പകരം പുതിയത് നിർമിക്കാൻ സംസ്ഥാന സർക്കാർ 35 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. കെപി നൗഷാദലി എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ആഭ്യന്തര വകുപ്പിന്റെ ഒക്ടോബർ ആറിലെ ഉത്തരവിലാണ് തുക അനുവദിച്ചത്.
1974ൽ നിർമിച്ച ജലസംഭരണിയുടെ താങ്ങുകാലുകൾ ഉൾപ്പെടെ ദ്രവിച്ച് അപകടാവസ്ഥയിലായിട്ട് 15 വർഷത്തോളമായെന്നാണ് എംഎൽഎ ചൂണ്ടിക്കാട്ടുന്നു. ടാങ്കും താങ്ങുകാലുകളും തകർന്നുതുടങ്ങിയ ജലസംഭരണി ഏത് സമയത്തും തകരാവുന്ന അവസ്ഥയിലാണെന്നും ഇരുപതിനായിരം ലിറ്റർ കപ്പാസിറ്റിയുള്ള സംഭരണി തകർന്നാൽ അത് ജീവനക്കാരുടെയും പരിസരവാസികളുടെയും ജീവനുകൾക്ക് തന്നെ ഭീഷണയാണെന്നും ദീർഘകാലമായി അറ്റകുറ്റപ്പണികൾ നടത്താത്തത് സ്ഥിതി ഗുരുതരമാക്കിയതായും എംഎൽഎ പറഞ്ഞു.
തീപിടിത്തം ഉൾപ്പെടെയുള്ള അത്യാഹിതങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെടുന്ന അഗ്നിശമന വാഹനങ്ങളിലേക്ക് വെള്ളം നിറയ്ക്കുന്നതിനുള്ള പ്രധാന സൗകര്യമാണ് ഈ ജലസംഭരണി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പൊന്നാനിയിൽ സുരക്ഷിതമായ പുതിയ ജലസംഭരണിയുടെ ആവശ്യകത സർക്കാരിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതാണ് വേഗത്തിൽ തുക അനുവദിക്കുന്നതിന് വഴിയൊരുക്കിയതെന്ന് നൗഷാദലി പറഞ്ഞു.
ഏത് സമയത്തും തകർന്നുവീഴാവുന്ന നിലയിലുള്ള ജലസംഭരണി ഉയർത്തുന്ന അപകടസാധ്യത ചെറുതല്ലെന്നും പുതിയ ജലസംഭരണി പൊന്നാനിയുടെ പൊതുആവശ്യമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സാധ്യമാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും എംഎൽഎ പറഞ്ഞു.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ ജലസംഭരണി കഴിഞ്ഞ കുറേവർഷങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഓരോനിമിഷവും ഇത് തകർന്നു വീഴുമോ എന്നപേടിയിലാണ് അവിടെയുള്ള ജീവനക്കാരും പൊതുജനവും കഴിഞ്ഞിരുന്നത്. ഇരുപതിനായിരം ലിറ്റർ ശേഷിയുള്ള ഈ ടാങ്ക് തകർന്നാൽ, പരിസരത്ത് താമസിക്കുന്ന ജീവനക്കാർക്കും ഇതിനോട് ചേർന്ന് നിൽക്കുന്ന രക്ഷാസേനയുടെ വാഹന ഗ്യാരേജും ഉൾപ്പടെ എല്ലാം അപകടത്തിലാകും, -പൊന്നാനിയിലെ സാമൂഹിക കൂട്ടായ്മ ‘തൗദാരം’ പ്രസിഡണ്ട് നൂറുദ്ധീൻ കോയ പറഞ്ഞു.
ശോചനീയാവസ്ഥ വിലയിരുത്തിയ PWD, സംഭരണിയുടെ കപ്പാസിറ്റി പകുതി ആക്കിയിരുന്നു. നിലവിൽ പതിനായിരം ലിറ്റർ മാത്രമാണ് നിറയ്ക്കാറുള്ളത്. പുതിയ ജലസംഭരണിക്കുള്ള ഫണ്ട് അനുവദിച്ചത് ജീവനക്കാർക്ക് മാത്രമല്ല, പൊതുസമൂഹത്തിനും നേട്ടമാണ്, -നൂറുദ്ധീൻ കോയ കൂട്ടിച്ചേർത്തു.
2026–27 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നാണ് നിർമാണത്തിനുള്ള തുക ചെലവഴിക്കുക. പ്രവൃത്തി ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സർക്കാർ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. നിർവഹണമേൽനോട്ട ചുമതല അഗ്നിരക്ഷാ സേനാ ഡയറക്ടർ ജനറലിനാണ്. നിർമാണപുരോഗതി ഓരോ ആഴ്ചയും വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തിന്റെ പേരിലാണ് ഉത്തരവ് പുറത്തിറങ്ങിയത്.
MOST READ | ബെഡ്റൂമിനെ ഗൗരവമായി പരിഗണിക്കുക


































