മാഡ്രിഡ്: കായികലോകത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി റാഫേൽ നദാലിനേയും വനിതാ താരമായി നവോമി ഒസാക്കയേയും തിരഞ്ഞെടുത്തു. ജർമൻ ഫുട്ബോൾ ക്ളബ്ബായ ബയേൺ മ്യൂണിക്കാണ് ലോകത്തെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം നേടിയത്.
ഇത് രണ്ടാം തവണയാണ് നദാൽ ലോറസ് പുരസ്‌കാരം നേടുന്നത്. ഇതിന് മുൻപ് 2011ലാണ് നദാലിനെ പുരസ്‌കാരം തേടിയെത്തിയത്. 2019ൽ മികച്ച അട്ടിമറി വിജയിക്കുള്ള പുരസ്‌കാരം നേടിയ ഒസാക്ക ആദ്യമായാണ് ലോറസിലെ മികച്ച വനിതാ കായികതാരമായി തിരഞ്ഞെടുക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം ഒസാക്ക തന്റെ കരിയറിലെ രണ്ടാം യുഎസ് ഓപ്പൺ കിരീടം നേടിയിരുന്നു. 13ആം ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ റാഫേൽ നദാൽ 20 ഗ്രാൻഡ്‌സ്ളാം കിരീടമെന്ന റോജർ ഫെഡററുടെ റെക്കോർഡിനൊപ്പം എത്തിയിരുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം ഫോർമുല വൺ ജേതാവ് ലൂയിസ് ഹാമിൽട്ടണാണ്. മികച്ച സ്‌പോട്ടിങ് ഇൻസ്‍പിറേഷൻ ലിവർപൂൾ താരം മുഹമ്മദ് സല നേടി. സമഗ്ര സംഭവനക്കുള്ള പുരസ്‌കാരത്തിന് അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിങ് അർഹനായി.
Read also: വിവാദമായ സൂപ്പർ ലീഗ്; പിൻമാറാത്ത ടീമുകളെ വിലക്കുമെന്ന് യുവേഫ