ഹിന്ദുസ്‌ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്‌തഫ ഖാന്‍ അന്തരിച്ചു

By Desk Reporter, Malabar News
ghulam-mustafa-khan
Ajwa Travels

മുംബൈ: വിഖ്യാത ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞൻ ഗുലാം മുസ്‌തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഇന്ന് ഉച്ചക്ക് 12.37ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരുമകള്‍ നമ്രത ഗുപ്‌ത ഖാനാണ് മരണ വിവരം അറിയിച്ചത്.

അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് നമ്രത പറഞ്ഞു. രാവിലെ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഉച്ചയോടെ അദ്ദേഹത്തിന് ഛർദ്ദി വന്നു. ഉടൻ ഡോക്‌ടറെ വിളിച്ചെങ്കിലും അദ്ദേഹം എത്തും മുൻപ് മരണം സംഭവിച്ചിരുന്നു എന്നും നമ്രത പറഞ്ഞു.

സംഗീത ലോകത്തെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. നല്ലൊരു ഗായകന്‍ മാത്രല്ല, നല്ലൊരു മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹമെന്ന് ലതാ മങ്കേഷ്‌കര്‍ കുറിച്ചു. താനും തന്റെ ബന്ധുവും ​പാട്ട് പഠിച്ചത് മുസ്‌തഫ ഖാനില്‍ നിന്നാണെന്നും അവർ പറഞ്ഞു.

അധ്യാപകരില്‍ ഏറ്റവും മികച്ചത് എന്നാണ് എആര്‍ റഹ്‌മാൻ കുറിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സംഗീതജ്‌ഞൻമാരില്‍ ഒരാളെയാണ് നഷ്‌ടമായത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇതിഹാസ സംഗീതം എക്കാലവും ജീവിക്കുമെന്ന് അംജദ് അലി ഖാന്‍ ട്വീറ്റ് ചെയ്‌തു.

ഉസ്‌താദ് വാരിസ് ഹുസൈൻ ഖാന്റെ മകനും ഉസ്‌താദ് ഇനായത് ഹുസൈൻ ഖാന്റെ പൗത്രനുമായ ഉസ്‌താദ്‌ ഗുലാം മുസ്‌തഫ ഖാന്‍ 1931 മാര്‍ച്ച് മൂന്നാം തീയതിയാണ് ജനിച്ചത്. ഹിന്ദി ചലച്ചിത്ര ലോകത്ത് ഗായകനായും സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചു. മൃണാള്‍സെന്നിന്റെ ഭുവന്‍ഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനമകള്‍ക്കു വേണ്ടിയും പാടി. ഹിന്ദി ചലച്ചിത്ര സംഗീത ലോകത്തെ നിരവധി പ്രതിഭകളുടെ പരിശീലകനായിരുന്നു അദ്ദേഹം.

കുട്ടിക്കാലം മുതല്‍ തന്നെ മുസ്‌തഫ ഖാനെ പിതാവ് സംഗീതം പഠിപ്പിച്ചിന്നു. അതിനുശേഷം ഉസ്‌താദ്‌ ഫിദ ഹുസൈന്‍ ഖാനാണ് മുസ്‌തഫ ഖാനെ സംഗീതം പഠിപ്പിച്ചത്. സംഗീതത്തിലുള്ള ഉപരിപാഠങ്ങള്‍ ഹൃദിസ്‌ഥമാക്കിയത് ഉസ്‌താദ്‌ നിസാര്‍ ഹുസൈന്‍ ഖാനില്‍ നിന്നായിരുന്നു.

ഇന്ത്യയിലും വിദേശങ്ങളിലുമായി അനവധി ശാസ്‌ത്രീയ സംഗീതക്കച്ചേരികളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. 1991ല്‍ പത്‌മശ്രീ, 2003ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 2006ല്‍ പത്‌മഭൂഷണ്‍, 2018ല്‍ പത്‌മവിഭൂഷൺ എന്നിവ അദ്ദേഹത്തെ തേടിയെത്തി.

Also Read:  ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങൾ അനുകൂലിക്കുന്നു; കേന്ദ്ര കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE